യുവതാരം അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി

ചെന്നൈ-യുവസിനിമാതാരം അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും ഡേറ്റിംഗിലായിരുന്നു. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേക വിരുന്ന് സംഘടിപ്പിക്കും.
ഈറോഡ് സ്വദേശിയായ അശോക് സെല്‍വന്‍ തമിഴ് സിനിമാ ലോകത്തെ വളര്‍ന്നുവരുന്ന താരങ്ങളില്‍ മുന്‍പന്തിയിലുള്ള നടനാണ്. നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. പാ രഞ്ജിത്ത് നിര്‍മിക്കുന്ന 'ബ്ലൂ സ്റ്റാര്‍' എന്ന സിനിമയില്‍ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അശോക് സെല്‍വനും ശരത് കുമാറും നായകനായി ഈയിടെ പുറത്തിറങ്ങിയ 'പോര്‍ തൊഴില്‍' എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ അശോക് മലയാളത്തിലും എത്തിയിരുന്നു.
സീ ഫൈവില്‍ ഒരു വെബ് സീരിസിലിലൂടെയാണ് കീര്‍ത്തി തിളങ്ങിയത്. . മലയാളത്തില്‍ നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യന്‍ കീര്‍ത്തിയുടെ ബന്ധുവാണ്. 2019ല്‍ പുറത്തിറങ്ങിയ 'തുമ്പാ' എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി പാണ്ഡ്യന്‍ അഭിനയരംഗത്തെത്തുന്നത്.

Latest News