Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രണ്ട് മൗലവിമാരിലൂടെ ഒരു ഗ്രാമം ദേശാന്തരങ്ങളിലറിയപ്പെട്ട കഥ

കാട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ, കരുവള്ളി മുഹമ്മദ് മൗലവി
കരിഞ്ചാപ്പാടി ഗ്രാമവയലുകൾ

കരുവള്ളി മുഹമ്മദ് മൗലവിയുടെ ഗുരുവും സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന പ്രവർത്തകനുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവിയെ കുറിച്ച് ഗ്രാമീണ ചരിത്രവഴികളിലൂടെ കരുവള്ളി മൗലവിയുമായി അവസാനമായി നടത്തിയ അഭിമുഖത്തിലൂടെ 'എന്റെ വാപ്പയുടെ ഉസ്താദ് കട്ടിലശ്ശേരി മണക്കാട്ട് വാക്കതൊടി അലി മുസ്‌ലിയാരുടെ മകനും എന്റെ ഗുരുനാഥനുമാണ് കട്ടിലശ്ശേരി മുഹമ്മദ് മൗലവി. ചരിത്രത്തിൽ അറിയപ്പെടേണ്ട വ്യക്തിത്വമാണ് അദ്ദേഹം. ഇസ്‌ലാമിക പണ്ഡിതൻ, ദീർഘദൃഷ്ടിയുള്ള വിദ്യാഭ്യാസ പ്രവർത്തകൻ, ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ മുൻനിര നായകൻ, സ്വാതന്ത്ര്യ സമര സേനാനി തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച വ്യക്തിത്വം.
വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ഉയർന്ന കാഴ്ചപ്പാടിന്റെ ഉത്തമോദാഹരണമാണ് അക്കാലത്ത് അദ്ദേഹം സ്ഥാപിച്ച വിദ്യാലയം. മദ്‌റസാ പരിഷ്‌കരണത്തിന് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട് ദാറുൽ ഉലൂമിൽ നിന്നാണ് തുടക്കമിട്ടതെങ്കിൽ, മതഭൗതിക വിഷയങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ രീതിക്ക് കേരളത്തിൽ തുടക്കമിട്ടത് കട്ടിലശ്ശേരി മുഹമ്മദ് മൗലവിയാണെന്ന് പറയാം. 1914 കാലത്ത് കരിഞ്ചാപാടിയിൽ അദ്ദേഹം സ്ഥാപിച്ച സ്‌കൂളിൽ ഇംഗ്ലീഷും കണക്കും ശാസ്ത്രവും ഖുർആനും ദീനിയാത്തും എല്ലാം പഠിപ്പിച്ചിരുന്നുവെന്നതിൽ നിന്നുതന്നെ അദ്ദേഹത്തിലെ ദീർഘദർശിയായ വിദ്യാഭ്യാസ പ്രവർത്തകനെയും സമുദായ സ്‌നേഹിയെയും മനസ്സിലാക്കാൻ സാധിക്കും. കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ ചരിത്രം പഠിക്കുന്നവർ ഇത്രയും ഉയർന്ന കാഴ്ചപ്പാടുള്ള പണ്ഡിതന്മാർ കഴിഞ്ഞകാലത്ത് ഇവിടെ ജീവിച്ചിരുന്നുവെന്ന കാര്യം മറക്കാൻ പാടില്ലാത്തതാണ്. അദ്ദേഹത്തിന്റെ സ്‌കൂളിൽ പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.


'മക്തബത്തുല്ലുസൂമിയ്യ' എന്ന് അറിയപ്പെട്ടിരുന്ന പ്രസ്തുത സ്ഥാപനമാണ് ഇന്നത്തെ പുണർപ്പ യു.പി സ്‌കൂൾ. ലാസിം നിർബന്ധം എന്ന അറബി പദത്തിൽനിന്നാണ് 'ലുസൂമിയ്യ' ഉണ്ടാകുന്നത്. വിദ്യാഭ്യാസം സമുദായത്തിന് നിർബന്ധമാണെന്ന സന്ദേശമായിരിക്കണം അത്തരമൊരു പേര് തന്റെ സ്ഥാപനത്തിന് ഇട്ടതിലൂടെ മൗലവി സമൂഹത്തിന് നൽകാൻ ശ്രമിച്ചത്. സ്‌കൂളിൽ പോകുന്നതും ഇംഗ്ലീഷ് പഠിക്കുന്നതുമൊക്കെ പൊതുവെ വിലക്കപ്പെട്ടതായി ജനം കരുതിയിരുന്ന കാലത്ത് ഈ പ്രദേശത്തെ ആളുകളെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരുന്നതിൽ പ്രസ്തുത സ്ഥാപനം വഹിച്ച പങ്ക് വളരെ വലുതാണ്. മുസ്‌ലിം സമുദായത്തിന്റെ നിരക്ഷരതയിൽ വല്ലാതെ അസ്വസ്ഥനായിരുന്നു മൗലവി. വിദ്യാഭ്യാസം നൽകിയാലേ സമുദായം രക്ഷപ്പെടുകയുള്ളൂ എന്നും അത് പ്രാഥമിക തലത്തിൽ നിന്നുതന്നെ ആരംഭിക്കണമെന്നും അദ്ദേഹം ചിന്തിച്ചു. മതവിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മുസ്‌ലിംകൾക്ക് സ്‌കൂളിലേക്ക് വരാൻ പ്രയാസമുണ്ടാകില്ലെന്നു മനസ്സിലാക്കിയാണ് അദ്ദേഹം സ്‌കൂൾ തുടങ്ങിയത്. മുഹമ്മദ് മൗലവിയുടെ സുഹൃത്തായിരുന്ന വെങ്കിട്ട അതീത് സാഹിബിന്റെ പടിപ്പുരയിലായിരുന്നു സ്‌കൂളിന്റെ ആരംഭം. പിന്നീട് മൗലവിയുടെ പറമ്പിൽ കെട്ടിടമുണ്ടാക്കി അതിലേക്ക് മാറുകയായിരുന്നു. അവിടെയാണ് ഞാൻ പഠിച്ചത്.
1936ൽ പുലാമന്തോളിൽ  മഅ്ദിനുൽ ഉലൂം മദ്രസ സ്ഥാപിക്കുന്നതിനും മൗലവി മുൻകൈയെടുത്തു. അതിനോടനുബന്ധിച്ച് അവിടെ നടന്ന ഒരു വലിയ സമ്മേളനത്തിൽ മൗലവി പ്രസംഗിച്ചിരുന്നു. മാത്രമല്ല, ബ്രിട്ടീഷ് ഗവൺമെന്റിന്റെ അറസ്റ്റിൽനിന്ന് രക്ഷപ്പെടാനായി ഒളിച്ചു താമസിക്കാൻ പോയ പല പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.
പുരോഗമന ചിന്താഗതിയുള്ള ഇസ്‌ലാഹി ആശയക്കാരനും സമുദായ പരിഷ്‌കരണത്തിൽ അതീവ തൽപരനുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവി കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആദ്യ രൂപങ്ങളായ മുസ്‌ലിം ഐക്യ സംഘത്തിന്റെയും കേരള ജംഇയ്യത്തുൽ ഉലമയുടെയും ആദ്യകാല പ്രവർത്തകനാണ്. ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
1936 ഫെബ്രുവരി 22,23 തീയതികളിൽ പുണർപ്പയിലെ അദ്ദേഹത്തിന്റെ സ്‌കൂളിൽ ജംഇയ്യത്തുൽ ഉലമയുടെ ഒരു സമ്മേളനം നടന്നിരുന്നു. അതിന്റെ സ്വാഗത സംഘം പ്രസിഡന്റായിരുന്ന അദ്ദേഹം മുൻകൈയെടുത്താണ് മൗലാനാ അബുൽ ജലാൽ നദ്‌വിയെ പ്രസ്തുത പരിപാടിയിൽ അധ്യക്ഷനായി കൊണ്ടുവന്നത്. മലപ്പുറത്ത് സ്‌കൂൾ ആരംഭിക്കാൻ ബജറ്റിൽ 5000 രൂപ നീക്കിവെച്ചതിന് മദ്രാസ് ഗവൺമെന്റിനെ അഭിനന്ദിക്കുന്ന ഒരു പ്രമേയം പ്രസ്തുത സമ്മേളനം പാസാക്കുകയുണ്ടായി.
മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബ്, കെ.എം മൗലവി തുടങ്ങിയവരോട് വളരെ അടുത്ത ബന്ധമാണ് മൗലവിക്കുണ്ടായിരുന്നത്. ഖിലാഫത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് വാറണ്ട് വന്നപ്പോൾ കെ.എം മൗലവി കൊടുങ്ങല്ലൂരിലേക്കും കട്ടിലശ്ശേരി കാരയ്ക്കലേക്കും രക്ഷപ്പെടുകയായിരുന്നു. ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു അന്ന് കാരയ്ക്കൽ. അവസാനം അദ്ദേഹം കൊടുങ്ങല്ലൂരിലെത്തി. അവിടെ കെ.എം മൗലവിയോടും മറ്റു ഇസ്‌ലാഹി നേതാക്കളോടുമൊപ്പം മുസ്‌ലിം ഐക്യ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനായി. അന്ധവിശ്വാസഅനാചാരങ്ങളോട് വലിയ എതിർപ്പായിരുന്നു കട്ടിലശ്ശേരിക്ക്. പിതാവിന്റെ പാണ്ഡിത്യം അദ്ദേഹത്തിനുമുണ്ടായിരുന്നെങ്കിലും പിതാവിന്റെ പല നടപടികളോടും മുഹമ്മദ് മൗലവിക്ക് വിയോജിപ്പായിരുന്നു. അന്ധവിശ്വാസങ്ങളെ വിമർശിച്ചതിന്റെ പേരിൽ പലരുടെയും എതിർപ്പുകൾക്ക് മൗലവി പാത്രമായിട്ടുണ്ട്.
കരിഞ്ചാപാടിയിലെ പള്ളിക്കാര്യങ്ങളിൽ സ്ഥലത്തെ ചില പ്രമാണിമാർ ശരിയല്ലാത്ത രീതിയിൽ ഇടപെട്ടപ്പോൾ അദ്ദേഹം അതിനെതിരെ രംഗത്തു വരികയുണ്ടായി. പളളി പൊതുസ്വത്തായി നിലനിർത്തണമെന്നും അത് ആരുടെയെങ്കിലും സ്വകാര്യ സ്വത്താക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഈ അഭിപ്രായ വ്യത്യാസം കാരണം മരണശേഷം തന്റെ മയ്യിത്ത് ഖബറടക്കുന്നതിന് അദ്ദേഹം പള്ളിയോട് ചേർന്ന് സ്വന്തമായി സ്ഥലം വാങ്ങുകയും ചെയ്തു. അദ്ദേഹത്തെയും പിതാവിനെയും അവിടെയാണ് ഖബറടക്കിയത്.
സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അദ്ദേഹം ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ആലി മുസ്‌ലിയാരെയും മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിനെയും ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നത് കട്ടിലശ്ശേരി മുഹമ്മദ് മൗലവിയാണ്. 1921ൽ നിലവിൽ വന്ന ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു കട്ടിലശ്ശേരി. അബ്ദുർറഹ്മാൻ സാഹിബായിരുന്നു സെക്രട്ടറി. അന്ന് കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കാനും ഖിലാഫത്ത് സമരം സംഘടിപ്പിക്കാനുമൊക്കെ അദ്ദേഹം ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. പല സ്ഥലങ്ങളിലും യോഗം വിളിച്ചു ചേർക്കുകയും പ്രസംഗിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. നല്ലൊരു പ്രസംഗകനായിരുന്ന മൗലവി ഘനഗംഭീരമായ ശബ്ദത്തിന്റെ ഉടമയായിരുന്നു. കർഷകരെയും സാധാരണക്കാരെയുമൊക്കെ സ്വാതന്ത്ര്യ സമരത്തിൽ അണിനിരത്തിയത് അദ്ദേഹത്തിന്റെ  മിടുക്കാണ്. അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരനായിരുന്നു എം.പി നാരായണ മേനോൻ. നിസ്സഹകരണ പ്രസ്ഥാനത്തിലൊക്കെ രണ്ടു പേരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനായതിന്റെ പേരിൽ മുസ്‌ലിം ലീഗിന് കട്ടിലശ്ശേരിയോട് വലിയ എതിർപ്പായിരുന്നു. അന്ന് മുസ്‌ലിം ലീഗും കോൺഗ്രസ്സും തമ്മിൽ ഇന്നത്തെ പോലെ യോജിപ്പിലല്ലല്ലോ. പക്ഷേ, മൗലവി കോൺഗ്രസിൽ തന്നെ അടിയുറച്ചുനിൽക്കുകയാണുണ്ടായത്.
ഖിലാഫത്ത് പ്രക്ഷോഭം ഒരു കലാപമായി മാറിയതിൽ കട്ടിലശ്ശേരി മുഹമ്മദ് മൗലവിക്ക് പങ്കുണ്ടായിരുന്നില്ലെന്നു മാത്രമല്ല, സായുധ കലാപം തടയാനും അക്രമാസക്തരായ ജനങ്ങളെ പിന്തിരിപ്പിക്കാനും അദ്ദേഹം ശ്രമിക്കുകയുണ്ടായി. ഏറനാട്ടിൽ ആരംഭിച്ച കലാപം വള്ളുവനാട്ടിലേക്ക് പടരാതിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ലഹളയുടെ ആപത്ത് ചൂണ്ടിക്കാട്ടി ഒരു ലഘുലേഖയും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ജനങ്ങൾ അതൊന്നും ചെവികൊള്ളുകയുണ്ടായില്ല. തുടർന്ന് അറസ്റ്റ് ചെയ്യാൻ വേണ്ടിയുള്ള പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് അദ്ദേഹം നാടുവിട്ടത്.
മലബാറിൽ അന്ന് ഡിസ്ട്രിക്റ്റ് ബോർഡിന്റെ ഭരണമാണെന്ന് പറഞ്ഞല്ലോ. 1937ൽ ഡിസ്ട്രിക്റ്റ് ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കട്ടിലശ്ശേരി കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. കെ. കേളപ്പൻ പ്രസിഡന്റായ പ്രസ്തുത ഭരണസമിതിയിൽ കട്ടിലശ്ശേരിയായിരുന്നു വൈസ് പ്രസിഡന്റ്. അന്ന് മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ഡിസ്ട്രിക്റ്റ് ബോർഡിന്റെ വൈസ് പ്രസിഡന്റ് എന്ന നിലക്ക് അദ്ദേഹം പല കാര്യങ്ങളും ചെയ്തിട്ടുണ്ട്.നല്ല മതപണ്ഡിതനായിരുന്ന കട്ടിലശ്ശേരി ബഹുഭാഷാ വിദഗ്ധനായിരുന്നു. സാഹിത്യത്തിൽ അതീവ തൽപരനായിരുന്ന അദ്ദേഹം കവിതകൾ എഴുതാറുണ്ടായിരുന്നു. കുട്ടിക്കാലത്തെ മാപ്പിളപ്പാട്ട് രചനകളിലൂടെയാണ് ഇതാരംഭിച്ചത്. അക്കാലത്ത് കെസ്സു പാട്ടുകളും പടപ്പാട്ടുകളും വ്യാപകമായിരുന്നല്ലോ. കാളവണ്ടിയിൽ യാത്ര ചെയ്യുന്നവർ ഇത്തരം പാട്ടുകളൊക്കെ ഉച്ചത്തിൽ പാടാറുണ്ടായിരുന്നു. കട്ടിലശ്ശേരിയുടെ കാളവണ്ടി തെളിച്ചിരുന്നത് വരിക്കോടൻ മൊയ്തീൻ കുട്ടിയാണ്. കട്ടിലശ്ശേരി യാത്രക്കിടയിൽ പാടാറുണ്ടായിരുന്ന പാട്ടുകൾ വരിക്കോടൻ പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിനും സ്വാതന്ത്ര്യ സമരത്തിനും ആവേശം നൽകുന്ന മാപ്പിളപ്പാട്ടുകൾ അദ്ദേഹം രചിക്കുകയുണ്ടായി. അക്കാലത്ത് കോൺഗ്രസ് സമ്മേളന വേദികളിൽ ഇത്തരം പാട്ടുകൾ പാടാറുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ നിർണായകമായൊരു ഘട്ടത്തിൽ പഠിച്ചുവളരാൻ വഴികാണിച്ചുതന്ന ആ ഗുരുനാഥനോടുള്ള കടപ്പാട് വളരെ വലുതാണ്. 

Latest News