ലണ്ടന്‍ - മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് കളിക്കാരി സിമോണ ഹാലെപ്പിന് നാലു വര്‍ഷത്തെ ഉത്തേജക വിലക്ക്. ഉത്തേജക ചട്ട ലംഘനവുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങളേളെത്തുടര്‍ന്ന് ഇന്റര്‍നാഷനല്‍ ടെന്നിസ് ഇന്റഗ്രിറ്റി ഏജന്‍സി (ഐ.ടി.ഐ.എ) യാണ് വിലക്കേര്‍പ്പെടുത്തിയത്. നടപടിക്കെതിരെ സ്‌പോര്‍ട്‌സ് കോടതിയെ സമീപിക്കുമെന്ന് റുമാനിയക്കാരി പ്രഖ്യാപിച്ചു. വിലക്ക് തുടര്‍ന്നാല്‍ മുപ്പത്തൊന്നുകാരിക്ക് തിരിച്ചുവരവ് പ്രയാസമാവും. വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനായിരുന്നു ഹാലെപ്. കഴിഞ്ഞ വര്‍ഷം യു.എസ് ഓപണില്‍ ആദ്യ റൗണ്ടില്‍ തോറ്റ ശേഷം നടത്തിയ പരിശോധനയില്‍ രക്തകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന റോക്‌സാഡസ്റ്റാറ്റ് എന്ന ഉത്തേജകം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. 2026 ഒക്ടോബര്‍ ആറ് വരെയാണ് സ്ഥിരം വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫുഡ് സപ്ലിമെന്റില്‍ നിന്നാവാം ഉത്തേജകം ശരീരത്തിലെത്തിയതെന്നും ഞെട്ടിക്കുന്നതും നിരാശാജനകവുമായ വിലക്ക് അംഗീകരിക്കില്ലെന്നും ഹാലെപ് പറഞ്ഞു. ഞാന്‍ പരിശീലനം നിര്‍ത്തിയിട്ടില്ല. ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. കോര്‍ടില്‍ തിരിച്ചെത്തും. ബന്ധപ്പെട്ട ഫുഡ് സപ്ലിമെന്റ് കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കും -ഹാലെപ് പ്രസ്താവിച്ചു.
ഹാലെപ് നല്‍കിയ 51 രക്തസാമ്പിളുകളില്‍ നിന്നാണ് നിഗമനത്തിലെത്തിയതെന്ന് ഐ.ടി.ഐ.എ വെളിപ്പെടുത്തി. മൂത്ര സാമ്പിളില്‍ നിന്നായിരുന്നു ആദ്യ പരിശോധന. രക്തസാമ്പിളിലും ക്രമക്കേട് കണ്ടെത്തി. ഫുഡ് സാമ്പിളില്‍ നിന്ന് ഉത്തേജകം ശരീരത്തിലെത്തിയിട്ടുണ്ടാവാമെന്ന ഹാലെപ്പിന്റെ വാദം ഐ.ടി.ഐ.എ അംഗീകരിച്ചു. എന്നാല്‍ താരത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയ അളവില്‍ ഉത്തേജകം ഫുഡ് സാമ്പിളില്‍ നിന്ന് മാത്രമല്ലെന്നാണ് അവരുടെ വിലയിരുത്തല്‍. ഹാലെപ് ഉത്തേജകമടിച്ചുവെന്നാണ് മൂന്ന് വ്യത്യസ്ത വിദഗ്ദന്മാര്‍ നിഗമനത്തിലെത്തിയതെന്നും ഐ.ടി.ഐ.എ അറിയിച്ചു.
എന്നാല്‍ ഹാലെപ് സത്യസന്ധയാണെന്നും അവര്‍ ഉത്തേജകമടിച്ചിട്ടില്ലെന്നും ഐ.ടി.ഐ.എയില്‍ നിന്ന് അവര്‍ക്ക് നീതി കിട്ടുമെന്ന് തോന്നുന്നില്ലെന്നും കോച്ച് പാട്രിക് മൂറതോഗ്‌ലുവും വാദിച്ചു. 2002 ല്‍ പരിക്കുകളെ തുടര്‍ന്ന് ഹാലെപ് വിരമിക്കാനൊരുങ്ങിയിരുന്നു. മുറതോഗ്‌ലുവിന്റെ കോച്ചിംഗിലാണ് തിരിച്ചുവന്നത്. സെറീന വില്യംസിന്റെയും കോച്ചായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഹാര്‍ഡ് കോര്‍ട് സീസണിനു മുമ്പായി തന്റെ വിശ്വസ്തരായ സംഘത്തിന്റെ ഉപദേശപ്രകാരം ഭക്ഷണക്രമം മാറ്റിയിരുന്നുവെന്നാണ് ഹാലെപ് പറയുന്നത്. അതനുസരിച്ച് തെരഞ്ഞെടുത്ത ഭക്ഷണത്തില്‍ നിരോധിത വസ്തുക്കളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അതിലൊന്നില്‍ റോക്‌സാഡസ്റ്റാറ്റ് ഉണ്ടെന്നാണ് ഐ.ടി.ഐ.എ പറയുന്നത്. പത്തു വര്‍ഷമായി ഒരേ രീതിയിലുള്ള തന്റെ രക്തത്തിലെ അളവുകളെ മാത്രം ആധാരമാക്കിയാണ് ഐ.ടി.ഐ.എ വിദഗ്ധര്‍ നിഗനമത്തിലെത്തിയത് -ഹാലെപ് ആരോപിക്കുന്നു.
എന്നാല്‍ കളിക്കാര്‍ നിരോധിത മരുന്നുകളെക്കുറിച്ച് ബോധവാന്മാരാവുക മാത്രമേ നിവൃത്തിയുള്ളൂ എന്നും നിയമ സംവിധാനങ്ങള്‍ എത്തിച്ചേരുന്ന തീരുമാനത്തോടൊപ്പമാണെന്നും വനിതാ ടെന്നിസ് അസോസിയേഷന്‍ പ്രഖ്യാപിച്ചു.
2017 ല്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ഹാലെപ് 2018 ല്‍ വിംബിള്‍ഡണും 2019 ല്‍ ഫ്രഞ്ച് ഓപണും നേടി.
അഞ്ചു തവണ ഗ്രാന്റ്സ്ലാം നേടിയ മരിയ ഷരപോവ 2016 ല്‍ ഓസ്‌ട്രേലിയന്‍ ഓപണില്‍ ഉത്തേജകമടിക്ക് പിടിക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു പ്രമുഖ താരം ഉത്തേജക വലയില്‍ കുടുങ്ങുന്നത്. ഷരപോവയും രണ്ടു വര്‍ഷ വിലക്കിനെതിരെ സ്‌പോര്‍ട്്‌സ് കോടതിയെ സമീപിച്ചിരുന്നു. ബോധപൂര്‍വം ഉത്തേജകമടിക്കുന്ന കളിക്കാരിയല്ലെന്നും വിലയിരുത്തിയ കോടതി അവരുടെ വിലക്ക് കാലാവധി കുറച്ചിരുന്നു.