കൊല്‍ക്കത്ത - ഐ.എസ്.എല്ലിന്റെ പത്താം സീസണ്‍ ആരംഭിക്കാനിരിക്കെ മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സിന്റെ മലയാളി മിഡ്ഫീല്‍ഡര്‍ ആശിഖ് കുരുണിയന് ഗുരുതര പരിക്ക്. കിംഗ്‌സ് കപ്പില്‍ ഇന്ത്യന്‍ ടീമിന് കളിക്കുമ്പോഴാണ് ആശിഖിന് പരിക്കേറ്റതെന്ന് ഐ.എസ്.എല്‍ ചാമ്പ്യന്മാര്‍ അറിയിച്ചു. വലതു കാലില്‍ പേശിവേദനയാണ്. തായ്‌ലന്റില്‍ നിന്ന് തിരിച്ചെത്തിയ ശേഷം എം.ആര്‍.ഐ പരിശോധന നടത്തിയിരുന്നു. ഈ സീസണിന് മുമ്പാണ് ബംഗളൂരു എഫ്.സി വിട്ട് ആശിഖ് മോഹന്‍ബഗാനിലെത്തിയത്.
ആശിഖിന്റെ പരിക്ക് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഗൗരവമായി എടുക്കുകയോ ചികിത്സ നല്‍കുകയോ ചെയ്തില്ലെന്ന് മോഹന്‍ബഗാന്‍ ആരോപിച്ചു. എ.എ.സി കപ്പിലെ ഒഡിഷക്കെതിരായ മത്സരവും ഏതാനും ഐ.എസ്.എല്‍ മത്സരങ്ങളും ആശിഖിന് നഷ്ടപ്പെടും. ഡ്യൂറന്റ് കപ്പിലും എ.എഫ്.സി കപ്പിലും മികച്ച പ്രകടനം നടത്തിയ ആശിഖ് ബഗാന്റെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിച്ചതായിരുന്നു. സഹല്‍ അബ്ദുല്‍സമദും മോഹന്‍ബഗാനിലാണ്.