റോം - യൂറോ കപ്പ് ഫുട്‌ബോളിലെ നിര്‍ണായക യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി 2-1 ന് ഉക്രൈനെ തോല്‍പിച്ചു. ഗ്രൂപ്പില്‍ ഇംഗ്ലണ്ട് ഏറെ മുന്നിലാണെന്നിരിക്കെ രണ്ടാം സ്ഥാനത്തിനായി ഇറ്റലിയും ഉക്രൈനും പോരാട്ടത്തിലാണ്. രണ്ടു ടീമുകളേ നേരിട്ട് ഫൈനല്‍ റൗണ്ടിലെത്തൂ. അതേസമയം 28 വര്‍ഷത്തിനിടയിലാദ്യമായി സ്വീഡന്റെ ഫൈനല്‍ ബെര്‍ത്ത് തുലാസിലാണ്.
ആദ്യ പകുതിയില്‍ ഇന്റര്‍ മിലാന്‍ മിഡ്ഫീല്‍ഡര്‍ ഡേവിഡ് ഫ്രാറ്റെസി തന്റെ ഹോം സ്‌റ്റേഡിയത്തില്‍ നേടിയ രണ്ടു ഗോളാണ് ഇറ്റലിക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തില്‍ നോര്‍തേണ്‍ മസിഡോണിയയില്‍ സമനില സമ്മതിച്ചത് ഇറ്റലിക്ക് ആശങ്ക സമ്മാനിച്ചിരുന്നു. ഉക്രൈന്‍ ആന്ദ്രെ യാര്‍മലെങ്കോയിലൂടെ ഇടവേളക്ക് മുമ്പ് ഒരു ഗോള്‍ തിരിച്ചടിച്ചു. ഇറ്റലിയും ഉക്രൈനും ഇംഗ്ലണ്ടിന് ആറ് പോയന്റ് പിന്നിലാണ്. നവംബര്‍ 20 ന് നടക്കുന്ന ഉക്രൈന്‍-ഇറ്റലി മത്സരമായിരിക്കും ഗ്രൂപ്പിലെ രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുക.
വനിതാ ടീം കളിക്കാരിയെ ഫെഡറേഷന്‍ പ്രസിഡന്റ് ചുംബിച്ച വിവാദം കൊടുമ്പിരിക്കൊള്ളുകയാണെങ്കിലും സ്‌പെയിനിന്റെ പുരുഷ ടീം കുതിക്കുകയാണ്. അവര്‍ 6-0 ന് സൈപ്രസിനെ തകര്‍ത്തു. കഴിഞ്ഞ കളിയില്‍ ജോര്‍ജിയയെ അവര്‍ 7-1 ന് തോല്‍പിച്ചിരുന്നു. സ്‌കോട്‌ലന്റിന് ആറ് പോയന്റ പിന്നിലാണ് സ്‌പെയിന്‍. എര്‍ലിംഗ് ഹാളന്റിന്റെയും മാര്‍ടിന്‍ ഓഡെഗാഡിന്റെയും ഗോളുകളില്‍ 2-1 ന് ജോര്‍ജിയയെ തോല്‍പിച്ചെങ്കിലും നോര്‍വെയുടെ സാധ്യത വിദൂരമാണ്.
ഓസ്ട്രിയയോട് 0-3 ന് തോറ്റതോടെ സ്വീഡന് പ്ലേഓഫ് സാധ്യത പോലും അസ്തമിക്കുകയാണ്. സ്വീഡന്‍ അവസാനമായി യൂറോ കപ്പിന് യോഗ്യത നേടാതിരുന്നത് 1996 ലാണ്. ബെല്‍ജിയവും ഓസ്ട്രിയയും ഈ ഗ്രൂപ്പില്‍ നിന്ന് മുന്നേറിയേക്കും. ബെല്‍ജിയം 5-0 ന് എസ്റ്റോണിയയെ തോല്‍പിച്ചു. ബെല്‍ജിയത്തിനു വേണ്ടിയുള്ള 150ാം മത്സരത്തില്‍ വെറ്ററന്‍ ഡിഫന്റര്‍ യാന്‍ വെര്‍ടോംഗന്‍ സ്‌കോര്‍ ചെയ്തു. ഇരട്ട ഗോളോടെ റൊമേലു ലുകാകു ഗോള്‍നേട്ടം 77 ആക്കി ഉയര്‍ത്തി.