ബുക്കാറസ്റ്റ് - റുമാനിയന്‍ ആരാധകര്‍ സെര്‍ബിയ അനുകൂല മുദ്രാവാക്യം മുഴക്കിയതോടെ റുമാനിയ-കോസൊവൊ യൂറോ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം മുക്കാല്‍ മണിക്കൂറോളം നിര്‍ത്തിവെക്കേണ്ടി വന്നു. ആതിഥേയ ആരാധകരുടെ വിവേചനപരമായ പെരുമാറ്റത്തെത്തുടര്‍ന്ന് കളി നിര്‍ത്തിവെച്ചുവെന്ന് യുവേഫ പറഞ്ഞു. കോസൊവൊ സെര്‍ബിയയുടേതാണ് എന്ന ബാനറുകള്‍ ആരാധകര്‍ പ്രദര്‍ശിപ്പിച്ചു. പതിനെട്ടാം മിനിറ്റില്‍ കളി ഗോള്‍രഹിത സമനിലയില്‍ മുന്നേറവെ യുവേഫ ഇടപെടുകയും മത്സരം നിര്‍ത്തുകയും ചെയ്തു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് പുനരാരംഭിച്ചത്. മത്സരം 2-0 ന് റുമാനിയ ജയിച്ചു.
2008 ല്‍ സെര്‍ബിയയില്‍ നിന്ന് വേറിട്ട് സ്വതന്ത്ര റിപ്പബ്ലിക്കായതാണ് കോസൊവൊ. എന്നാല്‍ സെര്‍ബിയ ഇന്നും അത് അംഗീകരിച്ചിട്ടില്ല. കോസൊവോയെ യൂറോപ്യന്‍ യൂനിയനിലെ ബഹുഭൂരിഭാഗമുള്‍പ്പെടെ നൂറോളം രാജ്യം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ റുമാനിയ അംഗീകരിച്ചിട്ടില്ല.
വിവേചനപരമായ നീക്കങ്ങളുണ്ടാവുമ്പോള്‍ ആദ്യം അനൗണ്‍സ് ചെയ്യുകയും പിന്നീട് കളി നിര്‍ത്തുകയുമാണ് രീതി. അതും ഫലിച്ചില്ലെങ്കില്‍ കളി ഉപേക്ഷിക്കും. ഇത്തവണ മത്സരം നിര്‍ത്തിയപ്പോള്‍ റുമാനിയന്‍ ക്യാപ്റ്റന്‍ നിക്കോളെ സ്റ്റാന്‍സിയു ആരാധകരോട് നേരിട്ടെത്തി അഭ്യര്‍ഥിക്കുകയായിരുന്നു. കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ കോസൊവോ 3-0 ന് ജയിച്ചതായാണ് കരുതുക. 83ാം മിനിറ്റില്‍ സ്റ്റാന്‍സിയു തന്നെയാണ് ആദ്യ ഗോളടിച്ചത്.