ലാപാസ് (ബൊളീവിയ) - ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുള്ള ലാപാസിലെ ഉയരങ്ങളില്‍ നടന്ന ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മത്സരത്തിലും ലോക ചാമ്പ്യന്മാരായ അര്‍ജന്റീനക്ക് അനായാസ ജയം. ലിയണല്‍ മെസ്സിക്ക് വിശ്രമം നല്‍കിയ മത്സരത്തില്‍ അര്‍ജന്റീന 3-0 ന് ജയിച്ചു. എയിംഗല്‍ ഡി മരിയയാണ് മെസ്സിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചത്. അതിശക്തമായ മധ്യനിര കളി നിയന്ത്രിച്ചു.
ഉറുഗ്വായുടെ യുവനിര ഇക്വഡോറിനോട് 1-2 ന് തോറ്റതോടെ പോയന്റ് പട്ടികയില്‍ അര്‍ജന്റീന മുന്നിലെത്തി. ജയിച്ചെങ്കിലും ഇക്വഡോറിന് പൂജ്യം പോയന്റാണ്. കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ഒരു കളിക്കാരന്റെ പൗരത്വം സംബന്ധിച്ച തെറ്റായ വിവരം നല്‍കിയതിന് അവര്‍ക്ക് മൂന്ന് പോയന്റ് പിഴ നല്‍കിയിരുന്നു. വെനിസ്വേല പെനാല്‍ട്ടി ഗോളില്‍ 1-0 ന് പാരഗ്വായെ തോല്‍പിച്ചു. ബ്രസീല്‍-പെറു, ചിലി-കൊളംബിയ മത്സരങ്ങള്‍ നടക്കാനുണ്ട്.
ആദ്യ പകുതിയിലെ ഇരട്ട ഗോളോടെയാണ് ലാപാസില്‍ അര്‍ജന്റീന നിയന്ത്രണമേറ്റെടുത്തത്. അവസാന വിസിലിന് തൊട്ടുമുമ്പ് ഒരെണ്ണം കൂടി അടിച്ചു. മുപ്പത്തൊമ്പതാം മിനിറ്റില്‍ ബൊളീവിയയുടെ റോബര്‍ടൊ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ടത് അര്‍ജന്റീനയുടെ നില എളുപ്പമാക്കി.
മുപ്പത്തൊന്നാം മിനിറ്റില്‍ ഡി മരിയ നിലംപറ്റെ നല്‍കിയ ക്രോസില്‍ നിന്ന് എന്‍സൊ ഫെര്‍ണാണ്ടസ് ആദ്യ ഗോളടിച്ചു. 42ാം മിനിറ്റില്‍ ഡി മരിയ തന്നെ പെനാല്‍ട്ടി ബോക്‌സിലേക്കുയര്‍ത്തിയ ഫ്രീകിക്കാണ് നിക്കൊളാസ് താഗ്ലിയാഫിക്കൊ ചുമല്‍ കൊണ്ട് വലയിലാക്കിയത്. 83ാം മിനിറ്റില്‍ നിക്കൊ ഗോണ്‍സാലസ് മൂന്നാം ഗോള്‍ നേടി.
14 വര്‍ഷം മുമ്പ് മെസ്സിയുള്‍പ്പെട്ട അര്‍ജന്റീനാ ടീമിനെ ഇതേ സ്റ്റേഡിയത്തില്‍ ബൊളീവിയ 6-1 ന് തകര്‍ത്തിരുന്നു. ഇത്തവണ മെസ്സി റിസര്‍വ് ബെഞ്ചില്‍ പോലുമിരുന്നില്ല. മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നാണ് ആദ്യ കളിയില്‍ അര്‍ജന്റീന 1-0 ന് ഇക്വഡോറിനെ തോല്‍പിച്ചത്.
ഉറുഗ്വായ്‌ക്കെതിരെ ഇരു പകുതികളിലായി ഇക്വഡോറിനു വേണ്ടി ഡിഫന്റര്‍ ഫെലിക്‌സ് ടോറസ് ഓരോ ഗോളടിച്ചു. മുപ്പത്തെട്ടാം മിനിറ്റില്‍ അഗസ്റ്റിന്‍ കനാബിയോയിലൂടെ ഉറുഗ്വായാണ് ആദ്യം ഗോളടിച്ചത്. ഇക്വഡോറിന്റെ രണ്ടാം ഗോളിന് പതിനാറുകാരന്‍ കേന്‍ഡ്രി പെയ്‌സാണ് പാസ് നല്‍കിയത്. ഇക്വഡോറിന് അവസാന വേളയില്‍ കിട്ടിയ പെനാല്‍ട്ടി എന്നര്‍ വലന്‍സിയ പാഴാക്കി.