കൊളംബൊ - ദുനിത് വെലലാഗെയുടെ അവിസ്മരണീയ ഓള്‍റൗണ്ട് പ്രകടനം കടന്ന് ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിലേക്ക്. ഓപണര്‍മാര്‍ നല്‍കിയ ശക്തമായ അടിത്തറയില്‍ കുതിക്കുകയായിരുന്ന ഇന്ത്യയെ കന്നി അഞ്ച് വിക്കറ്റ് പ്രകടനത്തോടെ പിടിച്ചുകെട്ടിയ ഇരുപതുകാരന്‍ പിന്നീട് ടീം ആറിന് 99 ലേക്ക് തകര്‍ന്നപ്പോള്‍ ഒറ്റക്ക് പൊരുതി. എന്നാല്‍ വെലലാഗെയെ (42 നോട്ടൗട്ട്) തനിച്ചാക്കി കൂട്ടുകാര്‍ ഒന്നൊന്നായി വിട പറഞ്ഞതോടെ ഇന്ത്യ 41 റണ്‍സിന്റെ വിജയം പൂര്‍ത്തിയാക്കി. 63 റണ്‍സ് കൂട്ടുകെട്ടിലൂടെ വെലലാഗെയും ധനഞ്ജയ ഡിസില്‍വയും (41) ശ്രീലങ്കക്ക് വിജയപ്രതീക്ഷ നല്‍കിയതായിരുന്നു. എന്നാല്‍ തുടരെ മൂന്നു വിക്കറ്റെടുത്ത് ഇന്ത്യ വിജയം പിടിച്ചു. കുല്‍ദീപ് യാദവ് നാലു വിക്കറ്റെടുത്തു. സ്‌കോര്‍: ഇന്ത്യ 49.1 ഓവറില്‍ 213, ശ്രീലങ്ക 41.3 ഓവറില്‍ 172.
തുടര്‍ച്ചയായ മൂന്നാം ദിവസവും കളത്തിലിറങ്ങേണ്ടി വന്ന ഇന്ത്യ അഞ്ച് പന്ത് ശേഷിക്കെ 213 ന് ഓളൗട്ടായി. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി 10 വിക്കറ്റും എതിരാളികളുടെ സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്.
ഇരുപത്തൊന്നുകാരന്‍ ദുനിത് വെലലാഗെ മുന്‍നിര തകര്‍ത്തപ്പോള്‍ ചരിത് അസലെങ്കയും മഹീഷ് തീക്ഷണയും അവശേഷിച്ച മധ്യനിര കീറിമുറിച്ചു. വെലലാഗെ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ (10-1-40-5) അസലെങ്ക നാല് വിക്കറ്റ് സ്വന്തമാക്കി (9-1-18-4). വിരാട് കോലിയുടെ വിക്കറ്റാണ് ഏറ്റവും ആസ്വദിച്ചതെന്ന് വെലലാഗെ പറഞ്ഞു.
11 ഓവറില്‍ 80 റണ്‍സടിച്ച് രോഹിത് ശര്‍മയും (48 പന്തില്‍ 53) ശുഭ്മന്‍ ഗില്ലും (25 പന്തില്‍ 19) നല്ല അടിത്തറയിട്ട ശേഷമാണ് ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ കടിഞ്ഞാണേറ്റെടുത്തത്. ആദ്യ പന്തില്‍ ഗില്ലിനെ പുറത്താക്കി വെലലാഗെ ശ്രീലങ്കക്ക് ബ്രെയ്ക് ത്രൂ നല്‍കി. മൂന്നോവറില്‍ 11 റണ്‍സിനിടെ കോലിയെയും (3) ഓപണര്‍മാരെയും വെലലാഗെ പുറത്താക്കി. കഴിഞ്ഞ ദിവസം സെഞ്ചുറിയടിച്ച കോലി പുറത്തായപ്പോള്‍ സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ ഇളകി. ഇശാന്‍ കിഷനും (61 പന്തില്‍ 33) കെ.എല്‍ രാഹുലും (44 പന്തില്‍ 39) പ്രത്യാക്രമണം നടത്തി. കഴിഞ്ഞ ദിവസത്തെ മറ്റൊരു സെഞ്ചൂറിയന്‍ രാഹുലിനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചതും വെലലാഗെയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ (5) വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി. ഇതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടു. അക്ഷര്‍ പട്ടേല്‍ (26) ഒരറ്റത്ത് പൊരുതിയെങ്കിലും മൂന്നിന് 154 ല്‍ നിന്ന് 213 ന് ഇന്ത്യ ഓളൗട്ടായി. മഴ ഒരു മണിക്കൂറോളം കളി തടസ്സപ്പെടുത്തി.