ഫ്രാങ്ക്ഫര്‍ട് - സെമി ഫൈനലില്‍ കരുത്തരായ അമേരിക്കയെയും ഫൈനലില്‍ സെര്‍ബിയയെയും ഞെട്ടിച്ച് ബാസ്‌കറ്റ്‌ബോള്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിക്ക് നാട്ടില്‍ ആവേശകരമായ വരവേല്‍പ്. മനിലയില്‍ നടന്ന ലോകകപ്പിന്റെ ഫൈനലില്‍ 83-77 നാണ് ജര്‍മനി ജയിച്ചത്. ഫുട്‌ബോളിനെ പ്രണയിക്കുന്ന ജര്‍മനിയുടെ മനസ്സ് പിടിക്കാന്‍ ഈ വിജയം ബാസ്‌കറ്റ്‌ബോള്‍ ടീമിനെ സഹായിച്ചു. ഫൈനല്‍ മത്സരം ജര്‍മനിയില്‍ 46 ലക്ഷത്തിലേറെ പേര്‍ കണ്ടു.
ജര്‍മന്‍ സ്‌പോര്‍ട്‌സ് മന്ത്രി നാന്‍സി ഫേസറും ഫ്രാങ്ക്ഫര്‍ട് മേയര്‍ മൈക് ജോസഫുമുള്‍പ്പെടെ ആയിരത്തിയഞ്ഞൂറിലേറെ പേര്‍ ടീമിനെ സ്വീകരിക്കാനെത്തി.
ജര്‍മന്‍ ഫുട്‌ബോള്‍ പ്രതിസന്ധി നേരിടുന്ന കാലത്താണ് ബാസ്‌കറ്റ്‌ബോളിലെ വിജയം. കഴിഞ്ഞ പുരുഷ, വനിതാ ലോകകപ്പുകളില്‍ ജര്‍മനി ഗ്രൂപ്പ് ഘട്ടം കടന്നിരുന്നില്ല. ജര്‍മനിയില്‍ കഴിഞ്ഞയാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ ജപ്പാനോട് 1-4 ന് തകര്‍ന്നതോടെ കോച്ച് ഹാന്‍സി ഫഌക്കിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ അത്‌ലറ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു മെഡല്‍ പോലുമില്ലാതെയാണ് ജര്‍മന്‍ ടീം ബുഡാപെസ്റ്റില്‍ നിന്ന് മടങ്ങിയത്.