ബാഴ്‌സലോണ - തന്റെ കുടുംബസ്വത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചതിന് മുന്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി മുന്‍ സ്പാനിഷ് ടെന്നിസ് താരം അരാന്ത സാഞ്ചസ് വിക്കാരിയൊ. അദ്ദേഹത്തെ വിശ്വസിച്ചാണ് പണമെല്ലാം നല്‍കിയതെന്ന് അമ്പത്തൊന്നുകാരി കോടതിയില്‍ പറഞ്ഞു. 76 ലക്ഷം യൂറോയുടെ കുടിശ്ശിക ബാങ്ക് ദെ ലെക്‌സംബര്‍ഗിന് അടക്കുന്നത് ഒഴിവാക്കാന്‍ സ്വത്തുവകകള്‍ ഒളിച്ചുവെച്ചുവെന്ന കേസില്‍ അരാന്തയും മുന്‍ ഭര്‍ത്താവ് ജോസഫ് സാന്താകാനയും വിചാരണ നേരിടുകയാണ്. 2019 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. നാലു വര്‍ഷം വരെ ജയിലും കനത്ത പിഴയും ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. തേങ്ങിക്കരഞ്ഞുകൊണ്ടാണ് അരാന്ത വിചാരണ നേരിട്ടത്. തന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ടുവെന്നും കുട്ടികളെ നോക്കുന്നത് സുഹൃത്തുക്കളുടെ സഹായം കൊണ്ടാണെന്നും അവര്‍ പറഞ്ഞു.
ടെന്നിസിലായിരുന്നു എന്റെ എല്ലാ ശ്രദ്ധയും. അദ്ദേഹത്തെ അന്ധമായി വിശ്വസിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയപ്പോള്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. അദ്ദേഹം എല്ലാ വസ്തുതകളും അംഗീകരിച്ചു -അരാന്ത പറഞ്ഞു.
വനിതാ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ സ്പാനിഷ് കളിക്കാരിയാണ് അരാന്ത. മൂന്നു തവണ ഫ്രഞ്ച് ഓപണും ഒരിക്കല്‍ യു.എസ് ഓപണും നേടി. 2002 ലാണ് വിരമിച്ചത്.