ഇസ്‌ലാമാബാദ് - ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഹാരിസ് റഊഫിനും നസീം ഷാക്കും പരിക്കേറ്റതോടെ രണ്ട് യുവ പെയ്‌സ്ബൗളര്‍മാരെ റിസര്‍വുകളായി പാക്കിസ്ഥാന്‍ ടീമിലുള്‍പെടുത്തി. ഷാനവാസ് ദഹാനിയും സമാന്‍ ഖാനുമാണ് അടിയന്തരമായി ശ്രീലങ്കയിലെത്തിയത്. ഇന്ത്യക്കെതിരെ ഹാരിസിനും നസീമിനും ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരായ ഏറ്റവും കനത്ത പരാജയമാണ് വാങ്ങിയത്.
ഇരുവര്‍ക്കും കായികക്ഷമത വീണ്ടെടുക്കാന്‍ ഏഴു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. പരിക്ക് മാറിയിട്ടില്ലെങ്കിലേ ദഹാനിയെയും സമാനെയും ടീമിലുള്‍പെടുത്തൂ. ഹാരിസ് അഞ്ചോവറും നസീം 9.2 ഓവറുമാണ് ഇന്ത്യക്കെതിരെ എറിഞ്ഞത്. വ്യാഴാഴ്ച ശ്രീലങ്കക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ അവര്‍ ബംഗ്ലാദേശിനെ തോല്‍പിച്ചിരുന്നു.