ചാമ്പ്യന്‍, അവാര്‍ഡ്, ഹവില്‍ദാല്‍; ഹകമിന് ഒന്നും ഗുണം ചെയ്തില്ല

ഹകം സിംഗ് ഭട്ടല്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ്, ധ്യാന്‍ചന്ദ് അവാര്‍ഡിന് ഉടമയാണ്, കരേസനയില്‍ ഹവില്‍ദാര്‍ ആയിരുന്നു. രോഗക്കിടക്കയിലായ അറുപത്തിനാലുകാരന് പക്ഷെ ഒന്നും ഗുണം ചെയ്തില്ല. ഗുരുതരമായ കരള്‍ രോഗം ഭേദിച്ച് പഞ്ചാബിലെ സംഗരൂര്‍ ആശുപതിയില്‍ ചികിത്സയില്‍ കഴിയുന്ന അറുപത്തിനാലുകാരന്റെ കുടുംബം സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. കരുത്തു കൊണ്ട് ട്രാക്കിനെ കീഴടക്കിയ ഈ ചാമ്പ്യനു മുന്നിലും ഔദ്യോഗിക സംവിധാനങ്ങളുടെ വാതിലുകള്‍ അടഞ്ഞുകിടന്നു.
1978 ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലെ 20 കിലോമീറ്റര്‍ നടത്ത ചാമ്പ്യനാണ് ഹകം സിംഗ് ഭട്ടല്‍. റെക്കോര്‍ഡോടെയാണ് ഹകം സ്വര്‍ണം നേടിയത്. പിറ്റേ വര്‍ഷം ടോക്കിയോയിലെ ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പ്രകടനം ആവര്‍ത്തിച്ചു. 
2008 ല്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്ന് സമഗ്ര സംഭാവനക്കുള്ള ധ്യാന്‍ചന്ദ് ബഹുമതി ഏറ്റുവാങ്ങി. കായിക കരിയറില്‍ നിന്ന് വിരമിച്ച ശേഷവും കായിക പുരോഗതിക്കായി ജീവിതം സമര്‍പ്പിക്കുന്നവര്‍ക്കുള്ളതാണ് ഈ ബഹുമതി. 1972 മുതല്‍ കരേസനയിലായിരുന്നു. എന്നിട്ടും നല്ലൊരു ആശുപത്രിയില്‍ ചികിത്സ കിട്ടാനായി അദ്ദേഹത്തിന്റെ കുടുംബം മുട്ടാത്ത വാതിലുകളില്ല. 1981 ല്‍ മരണത്തെ മുഖാമുഖം കണ്ട അപകടത്തെത്തുടര്‍ന്നാണ് ഹകമിന് കായിക കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത്. അംഗവൈകല്യം സംഭവിച്ചെങ്കിലും പരിശീലകനായി അദ്ദേഹം തുടര്‍ന്നു. 1987 ല്‍ സൈന്യത്തില്‍ നിന്നും വിരമിക്കേണ്ടി വന്നു. ഒരു സര്‍ക്കാര്‍ സംവിധാനവും ഭര്‍ത്താവിന്റെ ചികിത്സക്കായി സഹായത്തിനുണ്ടായില്ലെന്ന് ഭാര്യ ബിയാന്ത് സിംഗ് പരിതപിക്കുന്നു. 
 

Latest News