റോം - വിമര്‍ശകരെ രൂക്ഷമായി വിമര്‍ശിക്കുന്ന അല്‍ജസീറയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യപ്പെട്ടയുടനെ പോള്‍ പോഗ്ബ ഉത്തേജക മരുന്നടിയില്‍ കുടുങ്ങി. അഭിമുഖത്തില്‍ വ്യക്തി ജീവിതത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് പോഗ്ബ വിശദമായി സംസാരിക്കുന്നുണ്ട്. പണവും പ്രതാപവും ഫുട്‌ബോളും വേണ്ടെന്നും തന്നെ താനായിക്കണ്ട് സ്‌നേഹിക്കുന്ന സാധാരണ മനുഷ്യര്‍ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നും ആഗ്രഹിക്കുന്നതായി പോഗ്ബ പറയുന്നു.
ലോകത്തിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായിരുന്ന പോള്‍ പോഗ്ബയുടെ കരിയര്‍ അസമയത്ത് അസ്തമിക്കാന്‍ സാധ്യത. ഫ്രാന്‍സിന്റെയും യുവന്റസിന്റെയും താരമായ പോഗ്ബ ഉത്തേജക മരുന്നായ ടെസ്‌റ്റോസ്റ്റീറോണ്‍ അടിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. നാലു വര്‍ഷം വരെ മുപ്പതുകാരന് വിലക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇറ്റലിയുടെ ഉത്തേജക നിര്‍മാര്‍ജന ഏജന്‍സിയാണ് പോഗ്ബ മരുന്നടി പരിശോധനയില്‍ പരാജയപ്പെട്ടതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസം 20 ന് യുവന്റസും യൂഡീനീസെയും തമ്മിലുള്ള ഇറ്റാലിയന്‍ ലീഗ് മത്സരത്തിനു ശേഷമാണ് പോഗ്ബയെ പരിശോധിച്ചത്. ആ മത്സരം പോഗ്ബ കളിച്ചിരുന്നില്ല. റിസര്‍വ് ബെഞ്ചിലായിരുന്നു. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയെങ്കിലും പരിക്ക് കാരണം പുറത്തായി. ലാസിയോക്കെതിരായ അടുത്ത മത്സരത്തിലേക്ക് പരിഗണിക്കപ്പെടുമ്പോഴാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്.
സാമ്പിള്‍ ഒരു തവണ കൂടി പരിശോധിച്ച് ഫലം ഉറപ്പു വരുത്തുന്നതു വരെ പോഗ്ബയെ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തു. അന്വേഷണവുമായി സഹകരിക്കുകയും ഉത്തേജകം എവിടെ നിന്ന് ലഭിച്ചുവെന്നതുള്‍പ്പെടെ വെളിപ്പെടുത്തുകയും ചെയ്താല്‍ വിലക്കിന്റെ കാലാവധി കുറയാന്‍് സാധ്യതയുണ്ട്.
ഒരു വര്‍ഷം മുമ്പ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് യുവന്റസില്‍ തിരിച്ചെത്തിയ ശേഷം പരിക്കുകളുമായി വലയുകയായിരുന്നു പോഗ്ബ. അതിന് മുമ്പ് സഹോദരനുമായുള്ള തര്‍ക്കവും പോഗ്ബയുടെ കരിയറിനെ ബാധിച്ചു. സഹോദരനുള്‍പ്പെട്ട സംഘം പോഗ്ബയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ സീസണില്‍ മുട്ടിലെ പരിക്കു കാരണം യുവന്റസിന്റെ ആറു കളികളില്‍ മാത്രമേ ഇറങ്ങാനായുള്ളൂ. ലോകകപ്പില്‍ ഫ്രാന്‍സ് ടീമിലേക്ക് പരിഗണിക്കപ്പെട്ടുമില്ല. 2018 ലെ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം നേടിയപ്പോള്‍ മധ്യനിരയില്‍ കടിഞ്ഞാണ്‍ പിടിച്ചത് പോഗ്ബയായിരുന്നു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിലാണ് പോഗ്ബ ആദ്യം കരുത്തു തെളിയിച്ചത്. പിന്നീട് യുവന്റസിലേക്കും വീണ്ടും യുനൈറ്റഡിലേക്കും ചേക്കേറി. ഒരു വര്‍ഷം മുമ്പ് തിരിച്ച് യുവന്റസിലുമെത്തി. പല പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുന്ന പോഗ്ബ മികച്ച സ്‌കോററുമാണ്. 2016 ല്‍ യുവന്റസില്‍ നിന്ന് യുനൈറ്റഡില്‍ തിരിച്ചെത്തിയത് ലോക റെക്കോര്‍ഡായ 10.5 കോടി യൂറോക്കാണ്. യുവന്റസിനൊപ്പം നാലു തവണ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യനായി.