ന്യൂദല്‍ഹി - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ടിന് കോച്ച് ഇഗോര്‍ സ്റ്റിമാച് ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തത് ജ്യോതിഷിയുടെ ഉപദേശപ്രകാരമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഊഹാപോഹമായി പ്രചരിച്ച ഈ വാര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് സ്ഥിരീകരിച്ചത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസാണ് ജ്യോതിഷിയെ ക്രൊയേഷ്യക്കാരനായ സ്റ്റിമാച്ചിന് പരിചയപ്പെടുത്തിക്കൊടുത്തത്.
ഓരോ മത്സരത്തിന് മുമ്പും കളിക്കാരുടെ പട്ടിക സ്റ്റിമാച് ജ്യോതിഷിക്ക് സമര്‍പ്പിച്ചുവെന്നും ആര്‍ക്കൊക്കെ പരിക്കെന്നും ആരെയൊക്കെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും അറിയിച്ചതായി പത്രം പറയുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് സ്റ്റിമാച് കളിക്കാരുടെ പട്ടിക ജ്യോതിഷിക്ക് സമര്‍പ്പിച്ചപ്പോള്‍ ഓരോ കളിക്കാരന്റെയും നേരെ ജ്യോതിഷി 'നന്നായിരിക്കും', 'നന്നായി കളിക്കും, അമിത ആത്മവിശ്വാസം ഒഴിവാക്കണം', 'ഇന്ന് നന്നാവില്ല', 'നല്ല ദിനമായിരിക്കും, ആക്രമണോത്സുകത പിടിവിടാന്‍ സാധ്യത', 'ഒഴിവാക്കുന്നതാണ് നല്ലത്' എന്നിങ്ങനെ രേഖപ്പെടുത്തിയെന്നാണ് വാര്‍ത്ത.
2022 മെയ്, ജൂണ്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടന്ന യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം അഫ്ഗാനിസ്ഥാന്‍, ജോര്‍ദാന്‍, കംബോഡിയ, ഹോങ്കോംഗ് ടീമുകളെയാണ് നേരിട്ടത്.