കൊളംബൊ - ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ശ്രീലങ്കക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ അഞ്ച് പന്ത് ശേഷിക്കെ 213 ന് ഓളൗട്ടായി. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി 10 വിക്കറ്റും എതിരാളികളുടെ സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്.
ഇരുപത്തൊന്നുകാരന്‍ ദുനിത് വെലലാഗെ മുന്‍നിര തകര്‍ത്തപ്പോള്‍ ചരിത് അസലെങ്കയും മഹീഷ് തീക്ഷണയും അവശേഷിച്ച മധ്യനിര കീറിമുറിച്ചു. വെലലാഗെ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ (10-1-40-5) അസലെങ്ക നാല് വിക്കറ്റ് സ്വന്തമാക്കി (9-1-18-4). വിരാട് കോലിയുടെ വിക്കറ്റാണ് ഏറ്റവും ആസ്വദിച്ചതെന്ന് വെലലാഗെ പറഞ്ഞു.
11 ഓവറില്‍ 80 റണ്‍സടിച്ച് രോഹിത് ശര്‍മയും (48 പന്തില്‍ 53) ശുഭ്മന്‍ ഗില്ലും (25 പന്തില്‍ 19) നല്ല അടിത്തറയിട്ട ശേഷമാണ് ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ കടിഞ്ഞാണേറ്റെടുത്തത്. 11 റണ്‍സിനിടെ ഗില്ലിനെയും കോലിയെയും (3) രോഹിതിനെയും വെലലാഗെ പുറത്താക്കി. ഇശാന്‍ കിഷനും (61 പന്തില്‍ 33) കെ.എല്‍ രാഹുലും (44 പന്തില്‍ 39) പ്രത്യാക്രമണം നടത്തി. ഇരുവരും പുറത്തായ ശേഷം ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടു. അക്ഷര്‍ പട്ടേല്‍ (26) ഒരറ്റത്ത് പൊരുതിയെങ്കിലും മൂന്നിന് 154 ല്‍ നിന്ന് 213 ന് ഇന്ത്യ ഓളൗട്ടായി.