ലിസ്ബണ്‍ - കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് ശേഖരിച്ച നൂറു കണക്കിന് ഇ-മെയിലുകളിലൂടെ നിഗൂഢ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും ഫുട്‌ബോളിലെ ഏറ്റവും വലിയ കൊടുങ്കാറ്റിന് തിരികൊളുത്തുകയും ചെയ്ത ഹാക്കര്‍ ലൂയി പിന്റോയെ പോര്‍ചുഗീസ് കോടതി നാലു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കുറ്റം ആവര്‍ത്തിക്കുകയാണെങ്കിലേ ശിക്ഷ അനുഭവിക്കേണ്ടതുള്ളൂ. പിന്റോയുടെ ഹാക്കിംഗ് ബെല്‍ജിയം, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ക്രിമിനല്‍ നടപടികള്‍ക്ക് കാരണമായിരുന്നു.
താന്‍ ഫുട്‌ബോളിലെ അനാശാസ്യമായ നടപടികളെക്കുറിച്ച് ലോകത്തെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് മുപ്പത്തിനാലുകാരന്‍ വാദിച്ചത്. എന്നാല്‍ 89 ഹാക്കിംഗ് കുറ്റവും പണം തട്ടാനുള്ള ശ്രമവുമാണ് പിന്റോക്കെതിരെ കോടതി ചുമത്തിയത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.
ഡോയന്‍ സ്‌പോര്‍ട്‌സ് മേധാവി നീലിയൊ ലുക്കാസില്‍ നിന്ന് അവര്‍ക്കെതിരായ രേഖകള്‍ പുറത്തുവിടാതിരിക്കാനായി അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ യൂറോ പിന്റൊ ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. 2015-2018 കാലയളവില്‍ പിന്റൊ 1.86 കോടി രേഖകളാണ് ഓണ്‍ലൈനില്‍ പുറത്തുവിട്ടത്. യൂറോപ്യന്‍ പത്രങ്ങളുടെ കൂട്ടായ്മ അത് പ്രസിദ്ധീകരിച്ചത് ലോക ഫുട്‌ബോളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ലിയണല്‍ മെസ്സിയുടെയും നെയ്മാറിന്റെയും പ്രതിഫലം, റൊണാള്‍ഡോക്കെതിരായ മാനഭംഗ ആരോപണം, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സാമ്പത്തിക തിരിമറി ആരോപണം, പി.എസ്.ജിയിലെ വംശീയാക്രമണ പരാതി തുടങ്ങി നിരവധി വിഷയങ്ങളിലേക്ക് അത് വെളിച്ചം വീശി.
2019 ല്‍ ഹംഗറി പോലീസ് പിന്റോയെ ബുഡാപെസറ്റില്‍ അറസ്റ്റ് ചെയ്തു. പോര്‍ചുഗലില്‍ നടപടി നേരിട്ടതോടെ പിന്റൊ ഹംഗറിയിലേക്ക് രക്ഷപ്പെട്ടതായിരുന്നു. 2020 ലാണ് വിചാരണ ആരംഭിച്ചത്. താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ അടിമുടി ഞെട്ടിച്ചുവെന്നും അത് ലോകത്തെ അറിയിച്ചതില്‍ അഭിമാനമുണ്ടെന്നും പിന്റൊ പറഞ്ഞു. ഒരു വര്‍ഷത്തോളമായി പിന്റൊ തടവിലായിരുന്നു. അന്വേഷകരുമായി സഹകരിക്കാമെന്ന് സമ്മതിക്കുകയും രേഖകള്‍ പങ്കുവെക്കാന്‍ തയാറാവുകയുമായിരുന്നു.
റൊണാള്‍ഡൊ നികുതി വെട്ടിച്ചുവെന്ന് സംശയമുയര്‍ത്തിയ രേഖകളില്‍ യുവേഫയുടെയും ഫിഫയുടെയും അഴിമതിയെ സംബന്ധിച്ചും പ്രമുഖ കളിക്കാരുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ചും സൂചനയുണ്ടായിരുന്നു.