ലിസ്ബണ്‍ - ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ഇല്ലാതെ കളിച്ചിട്ടും ലെക്‌സംബര്‍ഗിനെ 9-0 ന് തകര്‍ത്ത പോര്‍ചുഗല്‍ യൂറോ കപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് ഏതാണ്ടുറപ്പാക്കി. ആദ്യ ആറു കളികളും ജയിച്ച ഏക ടീമാണ് പോര്‍ചുഗല്‍. ഗോണ്‍സാലൊ റമോസും ഗോണ്‍സാലൊ ഇനാസിയോയും ഡിയോഗൊ ജോടയും രണ്ടു വീതം ഗോളടിച്ചു. റിക്കാഡൊ ഹോര്‍ത, ബ്രൂണൊ ഫെര്‍ണ്ടാണ്ടസ്, ജോ ഫെലിക്‌സ് എന്നിവരും ലക്ഷ്യം കണ്ടു.
പോര്‍ചുഗലിനായി 123 മത്സരം കളിച്ച റൊണാള്‍ഡോക്ക് രാജ്യന്തര ഗോളുകളുടെ എണ്ണം കൂട്ടാനുള്ള മികച്ച അവസരമായിരുന്നു ഇത്. എന്നാല്‍ മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനാല്‍ താരം സസ്‌പെന്‍ഷനിലായിരുന്നു. ഗ്രൂപ്പില്‍ സ്ലൊവാക്യയെക്കാള്‍ അഞ്ചും ലക്‌സംബര്‍ഗിനെക്കാള്‍ എട്ടും പോയന്റ് മുന്നിലാണ് പോര്‍ചുഗല്‍. രണ്ട് ടീമുകള്‍ യോഗ്യത നേടുമെന്നിരിക്കെ പോര്‍ചുഗലിന് പാത സുഗമമാണ്. സ്ലൊവാക്യ 3-0 ന് ലെക്റ്റന്‍സ്‌റ്റെയ്‌നിനെയും ഐസ്‌ലന്റ് 1-0 ന് ബോസ്‌നിയ ഹെര്‍സഗോവീനയെയും തോല്‍പിച്ചു.
ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്റിനെതിരായ പ്രി ക്വാര്‍ട്ടറില്‍ റൊണാള്‍ഡോക്ക് പകരം ഇറങ്ങി ഹാട്രിക് നേടിയ ഗോണ്‍സാലൊ റാമോസ് ഇത്തവണ ടീമിന്റെ ആദ്യ മൂന്നു ഗോളുകളില്‍ രണ്ടും സ്‌കോര്‍ ചെയ്തു.
2006 ല്‍ സാന്‍മരീനോയെ 13-0 ന് ജര്‍മനി തോല്‍പിച്ചതാണ് യൂറോ യോഗ്യതാ റൗണ്ടിലെ മികച്ച വിജയം.