മഡ്രീഡ് - സ്‌പെയിന്‍ വനിതാ ടീം ലോകകപ്പ് നേടിയതിനു ശേഷം മെഡലുകള്‍ സ്വീകരിക്കവെ മിഡ്ഫീല്‍ഡര്‍ ജെന്നി ഹെര്‍മോസോയെ അനുവാദമില്ലാതെ ചുണ്ടില്‍ ചുംബിച്ചുവെന്ന ആരോപണം നേരിടുന്ന ലൂയിസ് റുബിയാലിസ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. സംഭവം വിവാദമായപ്പോള്‍ കളിക്കാരിയുടെ സമ്മതത്തോടെയാണ് ചുംബിച്ചതെന്ന് ഫെഡറേഷന്‍ യോഗത്തില്‍ റുബിയാലിസ് ശക്തമായി ന്യായീകരിച്ചിരുന്നു. തുടര്‍ന്ന് ഫിഫ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. നിലവിലെ യുവേഫ വൈസ് പ്രസിഡന്റ് കൂടിയാണ് റുബിയാലിസ്. ആ പദവിയും രാജി വെച്ചിട്ടുണ്ട്.
സ്പാനിഷ് പ്രോസിക്യൂട്ടര്‍മാരും നടപടിയെടുത്തതോടെയാണ് റുബിയാലിസ് പദവി ഒഴിയാന്‍ തീരുമാനിച്ചത്. ഹെര്‍മോസോയും റുബിയാലിസിനെതിരെ ക്രിമിനല്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌പെയിന്‍ ലോകകപ്പ് നേടിയത് റുബിയാലിസ് ആഘോഷിച്ചത് ലിംഗത്തില്‍ പിടിച്ച് അസഭ്യമുദ്ര കാട്ടിയാണ്.
ഹെര്‍മോസൊ 51 ഗോളുമായി സ്‌പെയിനിന്റെ ടോപ്‌സ്‌കോററാണ്. നിലവില്‍ മെക്‌സിക്കന്‍ ലീഗിലാണ് കളിക്കുന്നത്.