ഇന്ത്യxശ്രീലങ്ക
ചൊവ്വ ഉച്ച 12.30
കൊളംബൊ - മഴ കാര്യമായി കളിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ത്യ കളത്തിലിറങ്ങും. സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയെയാണ് ഇന്ത്യ ചൊവ്വാഴ്ച നേരിടുക. ശ്രീലങ്ക ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചിരുന്നു. മതിയായ വിശ്രമം കിട്ടിയതിന്റെ മുന്‍തൂക്കവും ആതിഥേയര്‍ക്കുണ്ടാവും. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക ഉജ്വല ഫോമിലാണ്. അവസാന 13 ഏകദിനങ്ങളും അവര്‍ ജയിച്ചു. ഇന്ത്യയെ തോല്‍പിക്കാനായാല്‍ പാക്കിസ്ഥാനെ നേരിടുന്നതിന് മുമ്പെ അവര്‍ക്ക് ഫൈനലുറപ്പാക്കാം. ഇന്ത്യ-പാക്കിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനല്‍ പ്രതീക്ഷിക്കുന്നവരെ എന്നും നിരാശരാക്കാറുണ്ട് ശ്രീലങ്ക. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ ടീമാണ് അവര്‍. ട്വന്റി20 രീതിയില്‍ നടന്ന അവസാന ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ തോല്‍പിച്ചാണ് അവര്‍ കിരീടം നേടിയത്.
കഴിഞ്ഞ ഐ.പി.എല്ലിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഇരുപതുകാരന്‍ മതീഷ പതിരണയും സ്പിന്നര്‍ മഹീഷ് തീക്ഷണയുമാണ് ബൗളിംഗില്‍ ശ്രീലങ്കയുടെ തുറുപ്പുചീട്ടുകള്‍.
പതിരണയുടെ വളര്‍ച്ചയില്‍ താരത്തിന്റെ ഐ.പി.എല്‍ ഫ്രാഞ്ചൈസി ക്യാപ്റ്റനായ എം.എസ് ധോണി വലിയ പങ്കുവഹിച്ചിട്ടുണ്ടാവാമെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് തേച്ചുമിനുക്കിയ പ്രതിഭയാണ് പെയ്‌സ്ബൗളറെന്ന് ബൗളിംഗ് കോച്ച് നവീദ് നവാസ് പറഞ്ഞു. പതിരണ രണ്ട് അണ്ടര്‍-19 ലോകകപ്പുകളില്‍ ശ്രീലങ്കക്ക് കളിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് കണ്ടെത്തിയ പ്രതിഭയാണ് പതിരണ, ഞങ്ങളുടെ ഡവലപ്‌മെന്റ് പദ്ധതിയിലൂടെ വളര്‍ന്നു വന്നതാണ് -നവാസ് പറഞ്ഞു.