കൊളംബൊ - ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറിലെ പാക്കിസ്ഥാനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ കുതിപ്പിന് മഴ ഇടങ്കോലിട്ടു. വിരാട് കോലിയുടെയും കെ.എല്‍ രാഹുലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളില്‍ രണ്ടിന് 356 ലെത്തിയ ഇന്ത്യ എതിരാളികളുടെ രണ്ട് പ്രധാന ബാറ്റര്‍മാരെ പുറത്താക്കി. ഇമാമുല്‍ ഹഖ് (9) ജസ്പ്രീത് ബുംറയുടെയും ഇരട്ട ബൗണ്ടറികളുമായി ബൗണ്ടറികളുമായി തുടങ്ങിയ ക്യാപ്റ്റന്‍ ബാബര്‍ അസം (10) ഹാര്‍ദിക് പാണ്ഡ്യയുടെയും ബൗളിംഗില്‍ പുറത്തായി. 11 ഓവറില്‍ രണ്ടിന് 44 ല്‍ പാക്കിസ്ഥാന്‍ പരുങ്ങുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തി. പാക്കിസ്ഥാന്‍ 20 ഓവറെങ്കിലും ബാറ്റ് ചെയ്താലേ ഫലമുണ്ടാവൂ. ഇല്ലെങ്കില്‍ ഇരു ടീമുകളും ഓരോ പോയന്റ് പങ്കുവെക്കും.
അവസാന മൂന്ന് പന്തില്‍ വിരാട് കോലി 15 റണ്‍സടിച്ചതോടെ ഇന്ത്യ രണ്ടിന് 356 റണ്‍സെടുത്തു. ഫഹീം അശ്‌റഫിന്റെ അവസാന ഓവറിലെ ആദ്യ നാലു പന്തില്‍ മൂന്നു റണ്‍സേ കോലിക്കും (94 പന്തില്‍ 111 നോട്ടൗട്ട്, 6x3, 4X9) കെ.എല്‍ രാഹുലിനും (106 പന്തില്‍ 111 നോട്ടൗട്ട്, 6x2, 4X12) സാധിച്ചുള്ളൂ. എന്നാല്‍ നോബോളായ അഞ്ചാമത്തെ പന്തില്‍ കോലി ബൗണ്ടറി നേടി. ഫ്രീഹിറ്റ് ബൗണ്ടറിക്കും അവസാന പന്ത് സിക്‌സറിനും പറത്തി.
കൊളംബൊയിലെ പ്രേമദാസ സ്റ്റേഡിയം വിരാട് കോലിയുടെ കളിത്തട്ടാണ്. ഇവിടെ മുന്‍ ഇന്ത്യന്‍ നായകന്‍ നേടിയത് തുടര്‍ച്ചയായ നാലാമത്തെ സെഞ്ചുറിയാണ്. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയന്‍ ഗ്രൗണ്ടില്‍ ഹാശിം അംല തുടര്‍ച്ചയായി നാല് സെഞ്ചുറി നേടിയ റെക്കോര്‍ഡിനൊപ്പമെത്തി കോലി. ബേമിംഗ്ഹാമില്‍ രോഹിത് ശര്‍മ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറിയടിച്ചിട്ടുണ്ട്. സചിന്‍ ടെണ്ടുല്‍ക്കറുടെ 50 സെഞ്ചുറിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്ക് രണ്ടെണ്ണം കൂടി മതി. കോലി ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് പിന്നിടുന്ന ബാറ്ററായി. തിങ്കളാഴ്ച 25.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 209 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
ഞായറാഴ്ച മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്ന വിരാട് കോലിയും കെ.എല്‍ രാഹുലും അജയ്യമായ മൂന്നാം വിക്കറ്റില്‍ 194 പന്തില്‍ 233 റണ്‍സടിച്ചു. തിങ്കളാഴ്ച കളി പുനരാരംഭിച്ച ശേഷം ഇന്ത്യക്ക് വിക്കറ്റ് നഷ്ടപ്പെട്ടില്ല.
ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനാല്‍ മാത്രം ടീമിലിടം കിട്ടി രാഹുല്‍ ആറാമത്തെ ഏകദിന സെഞ്ചുറിയാണ് പൂര്‍ത്തിയാക്കിയത്. മാര്‍ച്ചില്‍ അവസാന ഏകദിനം കളിച്ച ശേഷം പരിക്കിന്റെ പിടിയിലായിരുന്നു രാഹുല്‍. കോലിയുടെ നാല്‍പത്തേഴാം സെഞ്ചുറിയാണ്.
മഴ കാരണം ഇന്നലെ പൂര്‍ത്തിയാക്കാനാവാതെ പോയ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ഇന്നും മഴ പെയ്യാന്‍ വലിയ സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. ഇന്ത്യ 24.1 ഓവറില്‍ രണ്ടിന് രണ്ടിന് 147 ല്‍ നില്‍ക്കുമ്പോഴാണ് ആദ്യ ദിനം കളി തടസ്സപ്പെട്ടത്.
ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാക്കിസ്ഥാന്‍ പെയ്‌സിനെ സമര്‍ഥമായി നേരിട്ടു. ഓപണര്‍മാരായ രോഹിത് ശര്‍മയും (49 പന്തില്‍ 56, 6x4, 4x6) ശുഭ്മന്‍ ഗില്ലും (52 പന്തില്‍ 58, 4x10) മനോഹരമായ ഷോട്ടുകളിലൂടെ അര്‍ധ ശതകത്തിലേക്കു നീങ്ങി. ഓപണിംഗ് വിക്കറ്റില്‍ 121 റണ്‍സ് പിറന്നു. ശാഹീന്‍ ഷാ അഫ്‌രീദി റണ്ണൊഴുക്കി (5-0-37-1). നസീം ഷാ (5-1-23-0) പലതവണ രോഹിതിനെ ബീറ്റണാക്കിയെങ്കിലും ഭാഗ്യമുണ്ടായിരുന്നില്ല. എട്ട് പന്തിനിടെ ഇരുവരെയും പുറത്താക്കിയാണ് പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് വന്നത്. സ്ലോ ബോളില്‍ ഗില്ലിനെ ശാഹീന്‍ വീഴ്ത്തി. ശാദബ് ഖാന്റെ (6.1-1-45-1) സ്പിന്നിലാണ് രോഹിത് പുറത്തായത്. വിരാട് കോലിയും (8 നോട്ടൗട്ട്) കെ.എല്‍ രാഹുലും (17 നോട്ടൗട്ട്) വീണ്ടും ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുമ്പോഴാണ് മഴയെത്തിയത്.
ഓവര്‍ കുറച്ചിട്ടാണെങ്കിലും, 90 മിനിറ്റ് വരെ ദീര്‍ഘിപ്പിച്ച് കളി പൂര്‍ത്തിയാക്കാമായിരുന്നു. മഴ നിലച്ചതോടെ രാത്രി ഏഴരക്കും എട്ട് മണിക്കും അമ്പയര്‍മാര്‍ ഗ്രൗണ്ട് പരിശോധിച്ചു. ചില സ്ഥലങ്ങളില്‍ നനവുണ്ടായതിനാല്‍ എട്ടരക്ക് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വീണ്ടും മഴ പെയതതോടെ കളി നിര്‍ത്തി വെക്കേണ്ടി വന്നു.
ഇന്നലെ നിര്‍ത്തിയേടത്തു നിന്നാണ് ഇന്ന് കളി പുനരാരംഭിക്കേണ്ടത്. ഇന്ത്യക്ക് 50 ഓവറും കളിക്കാമെന്ന രീതിയില്‍. ഇരു ടീമുകള്‍ക്കും അമ്പതോവര്‍ കളിക്കാന്‍ സാധിക്കാത്ത വിധം മഴ പെയ്താല്‍ ഓവര്‍ വെട്ടിക്കുറക്കും. ചുരുങ്ങിയത് 20 ഓവര്‍ പാക്കിസ്ഥാന് ബാറ്റ് ചെയ്യാന്‍ സാധിച്ചാലേ ഫലമുണ്ടാവൂ. ഇല്ലെങ്കില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് ലഭിക്കും.
തുടര്‍ച്ചയായി മൂന്ന് ദിവസം കളിക്കേണ്ട സാഹചര്യമാണ് ഇന്ത്യന്‍ ടീമിന് ഉണ്ടാവുക. നാളെ ശ്രീലങ്കയുമായി ഇന്ത്യക്ക് കളിയുണ്ട്.
തെളിഞ്ഞ കാലാവസ്ഥയിലാണ് ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയും ബാബര്‍ അസമും ടോസിന് ഇറങ്ങിയത്. ടോസ് നേടിയ പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.
നാലംഗ പെയ്‌സ്പടയുമായാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്. വിക്കറ്റ്കീപ്പര്‍മാരായ ഇശാന്‍ കിഷനും കെ.എല്‍ രാഹുലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ശ്രേയസ് അയ്യരാണ് രാഹുലിന് വേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുത്തത്. ഇശാന്‍ കഴിഞ്ഞ നാല് ഏകദിനങ്ങളിലും അര്‍ധ ശതകം നേടിയിരുന്നു. ശ്രേയസിന് പുറംവേദനയാണെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ അവസാന നിമിഷമാണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചത്. ജസ്പ്രീത് ബുംറ തിരിച്ചെത്തി.