ന്യൂയോര്‍ക്ക് - ടെന്നിസില്‍ ഗ്രാന്റ്സ്ലാം നേട്ടങ്ങളുടെ കൊടുമുടി കയറി നോവക് ജോകോവിച്. യു.എസ് ഓപണ്‍ ഫൈനലില്‍ മൂന്നാം സീഡ് ഡാനില്‍ മെദവദേവിനെ 6-3, 7-6 (7/5), 6-3 ന് തോല്‍പിച്ച് മുപ്പത്താറുകാരന്‍ കരിയറിലെ ഇരുപത്തിനലാം ഗ്രാന്റ്സ്ലാം സ്വന്തമാക്കി. മറ്റൊരു പുരുഷ താരവും 22 ഗ്രാന്റ്സ്ലാമിനപ്പുറം നേടിയിട്ടില്ല. 1968 ല്‍ ആരംഭിച്ച ഓപണ്‍ യുഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കിയത് സെറീന വില്യംസാണ് -23. അതിനു മുമ്പുള്ള കാലഘട്ടവും കൂടി പരിഗണിക്കുമ്പോള്‍ മാര്‍ഗരറ്റ് കോര്‍ട് 24 ഗ്രാന്റ്സ്ലാമുകള്‍ക്കുടമയാണ്. തന്റെ പ്രിയ തട്ടകമായ ഓസ്‌ട്രേലിയന്‍ ഓപണില്‍ ഓസ്‌ട്രേലിയക്കാരി കൂടിയായ കോര്‍ടിനെയും മറികടക്കാന്‍ ജനുവരിയില്‍ നോവക്കിന് അവസരം ലഭിക്കും. മാര്‍ഗരറ്റ് കോര്‍ടിന്റെ 24 ഗ്രാന്റ്സ്ലാമുകളില്‍ പതിമൂന്നും പ്രൊഫഷനല്‍ കളിക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന അമച്വര്‍ കാലഘട്ടത്തിലായിരുന്നു.
22 ഗ്രാന്റ്സ്ലാമുകള്‍ നേടിയ റഫായേല്‍ നദാല്‍, സ്റ്റെഫി ഗ്രാഫ്, 20 ഗ്രാന്റ്സ്ലാമുകള്‍ക്കുടമയായ റോജര്‍ ഫെദരര്‍ എന്നിവരെയൊക്കെ മറികടന്ന നോവക് എക്കാലത്തെയും മികച്ച ടെന്നിസ് താരമെന്ന പദവിയാണ് അരക്കിട്ടുറപ്പിക്കുന്നത്.
ഏതാണ്ട് ഒരേ രീതിയില്‍ കളിക്കുന്ന താരങ്ങള്‍ തമ്മിലുള്ള ഫൈനല്‍ സ്‌കോര്‍ സൂചിപ്പിക്കുന്നതിനെക്കാള്‍ ഇഞ്ചോടിഞ്ചായിരുന്നു. പ്രത്യേകിച്ച് രണ്ടാം സെറ്റില്‍ പലപ്പോഴും മെദവദേവിനായിരുന്നു മേല്‍ക്കൈ. അഞ്ച് ഗ്രാന്റ്സ്ലാം ഫൈനലുകളില്‍ മെദവദേവിന്റെ നാലാം തോല്‍വിയാണ് ഇത്. അതില്‍ രണ്ടും നോവക്കിനോടായിരുന്നു. 2021 ലായിരുന്നു മെദവദേവിന്റെ ഏക വിജയം, അന്ന് ഒരു കലണ്ടര്‍ വര്‍ഷത്തെ നാല് ഗ്രാന്റ്സ്ലാമുകളും നേടുന്ന അപൂര്‍വ നേട്ടത്തില്‍ നിന്ന് നോവക്കിനെ അവസാന മത്സരത്തില്‍ തടയാന്‍ മെദവദേവിനായി. യു.എസ് ഓപണില്‍ നോവക്കിന്റെ നാലാമത്തെ കിരീടമാണ് ഇത്. കോവിഡ് വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം തന്നെ പങ്കെടുപ്പിക്കാത്തതിനെതിരായ മധുര പ്രതികാരം കൂടിയാണ് ഇത്.