പ്രേമത്തിന് പ്രായമൊന്നും തടസമല്ലെന്ന് പറയുന്നത് വെറുതെയല്ല. 64 വർഷം മുൻപ് കണ്ട് പ്രണയിച്ച, 93 വയസുള്ള അവിവാഹിതനായ ഒരാൾ തന്റെ 83 വയസുള്ള കാമുകിയെ വിവാഹം ചെയ്യാൻ പോകുന്നു. 64 വർഷങ്ങൾക്ക് മുമ്പ് ഒരു പാർട്ടിയിൽ വച്ചാണ് ഇരുവരും കണ്ട് ആദ്യമായി ഇഷ്ടപ്പെട്ടത്.
1959ലാണ് ന്യൂജേഴ്സിയിൽ നിന്നുള്ള, ജോസഫ് പൊട്ടൻസാനോയും, മേരി എൽകിൻഡും ആദ്യമായി കണ്ടുമുട്ടിയത്. ജോസഫിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിന്റെ സമയത്തായിരുന്നു അത്. പിന്നീട് ജോസഫ് ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല. കുറച്ച് നാൾ കണ്ടുമുട്ടുകയും പ്രേമം പങ്കിടുകയും ഒക്കെ ചെയ്തുവെങ്കിലും പിന്നീട് ഇരുവരും അവരവരുടെ വഴികളിലൂടെ സഞ്ചരിച്ചു. റേഡിയോ സിറ്റി മ്യൂസിക് ഹാളിൽ ഒരു ബാലെ നർത്തകിയായി കരിയർ തുടരുക എന്നതായിരുന്നു മേരിയുടെ സ്വപ്നം. അവർ അതിനായി പ്രയത്‌നിച്ചു. അതേസമയം ജോസഫ് സൈന്യത്തിൽ ചേരാനും തീരുമാനിച്ചു.
പിന്നീട്, 1962 -ൽ മേരി മറ്റൊരാളെ വിവാഹം കഴിക്കുകയും അതിൽ മൂന്ന് കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. മേരിയുടെ വിവാഹത്തിലും കുടുംബത്തിൽ നടന്ന പല ചടങ്ങുകളിലും ജോസഫ് പങ്കെടുത്തിട്ടുണ്ട്.
മേരിയുടെ ഭർത്താവ് മരിച്ച് 9 വർഷങ്ങൾക്ക് ശേഷം ഒരു ചടങ്ങിൽ വച്ച് മേരിയും ജോസഫും വീണ്ടും കണ്ടുമുട്ടുകയും, അന്ന് ജോസഫ് മേരിയെ സ്വന്തമാക്കാൻ തീരുമാനമെടുക്കുകയുമായിരുന്നു. സുമംഗലി നീയോർമിക്കുമോ എന്ന് കടാപ്പുറത്ത് പാടിനടക്കുന്ന കേരളത്തിലെ പഴയകാല കാമുകന്മാർക്കായി അമേരിക്കയിലെ സംഭവം സമർപ്പിക്കാം 
*** *** ***
മഞ്ചേരിയിൽ തിരക്കില്ലാത്ത ജൂനിയർ വക്കീൽ എന്ന സ്ഥാനത്തു നിന്നാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായി മമ്മൂട്ടി മാറിയത്. അതേ പോലെ മലയാളികൾ അഭിമാനത്തോടെ പറയാറുള്ള മറ്റൊരു താരമാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര.  കൊച്ചിയിലെ മലയാളം ടിവി ചാനലിൽ അനൗൺസറായി തുടങ്ങിയ നയൻസിന് ഇന്ത്യയിൽ ഇപ്പോൾ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ബോളിവുഡിൽ ഷാരൂഖ് ചിത്രം ജവാനിലൂടെ സൂപ്പർ എൻട്രി നടത്തി ആരാധകരുടെ എണ്ണം കൂട്ടുകയാണ് നയൻതാര.  അഭിനയ മികവും സൗന്ദര്യവുമാണ് നയൻസിനെ  സൂപ്പർതാരങ്ങളുടെ മുൻനിരയിൽ എത്തിച്ചത്. താരത്തിന്റെ സൗന്ദര്യരഹസ്യം അറിയാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. കെമിക്കൽ പ്രോഡക്ടുകളോട് നോ പറയുന്ന നയൻതാര നാച്ചുറൽ വസ്തുക്കളുടെ ആരാധികയാണ്.  ആയുർവേദിക് ബ്യൂട്ടി പ്രോഡക്ടുകളാണ് സൗന്ദര്യസംരക്ഷണത്തിനായി നയൻതാര ഉപയോഗിക്കുന്നത്. സൺസ്‌ക്രീൻ പുരട്ടാതെ താരം വീടിന് പുറത്തിറങ്ങാറില്ല. ചർമം ആരോഗ്യപ്രദമായി സൂക്ഷിക്കാനും വെയിലിൽനിന്ന് സുരക്ഷ നൽകാനും ഇത് സഹായിക്കുന്നു. മുഖക്കുരു അകറ്റാനുള്ള ഏറ്റവും നല്ല മാർഗം ധാരാളം വെള്ളം കുടിക്കുക എന്നതാണെന്ന് നയൻസ് പറയുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ജ്യൂസ് എല്ലാ ദിവസവും കുടിക്കാറുണ്ട്. ഇത് ചർമം തിളക്കമുള്ളതാക്കാൻ സഹായിക്കും. ക്‌ളെൻസിംഗ്, ടോണിംഗ്, മോയിസ്ചറൈസിംഗ് എന്നിവ താരം ഒരു ദിവസം പോലും ഒഴിവാക്കാറില്ല. നയൻതാരയുടെ മുടിയുടെ രഹസ്യം വെളിച്ചെണ്ണയാണ്. ചർമം തകരാറാവുന്നതിൽനിന്ന് സംരക്ഷിക്കാൻ അധികമായി താരം മേക്കപ്പ് ഉപയോഗിക്കാറില്ല.  ഐ മേക്കപ്പ് എന്നതിനെക്കാൾ പ്രകൃതിദത്ത കാജൽ ഉപയോഗിക്കാനാണ് താരത്തിനിഷ്ടം. സ്വകാര്യ ജെറ്റ് ഉപയോഗിക്കുന്ന അപൂർവം താരങ്ങളിലൊരാളാണ് നയൻതാര എന്നറിയുമ്പോൾ അവരുടെ നേട്ടത്തിന്റെ മഹത്വം മനസ്സിലാക്കാനാവും.
*** *** ***
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിന്റെ ടെക്സസിലെ എൽ ലാഗോയിലെ വീട് വിൽപനയ്ക്ക്. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിന് സമീപമുള്ള ഈ വീടായിരുന്നു ചന്ദ്രനിലേക്കുള്ള ചരിത്രപരമായ അപ്പോളോ ദൗത്യത്തിനിടെ ആംസ്ട്രോങ്ങിന്റെ വസതി.
 550,000 ഡോളറിന് അതായത് ഏകദേശം 4 കോടി രൂപയ്ക്കാണ് വീട് വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വസ്തു സ്വന്തമാക്കുന്നു എന്നതിനേക്കാൾ ഉപരിയായി ചരിത്രത്തിന്റെ ഭാഗമായി മാറാനുള്ള അവസരമാണ് ഈ വീട് സ്വന്തമാക്കുന്നവർക്ക് ലഭിക്കുകയെന്നാണ് ന്യൂയോർക്ക് പോസ്റ്റിന്റെ വാർത്തയിൽ എടുത്തു പറയുന്നത്. വീടിന്റെ നിർമ്മിതിയുമായി ബന്ധപ്പെട്ട ഗംഭീരമായ സവിശേഷതകൾ ഒന്നുമില്ലെങ്കിലും നീൽ ആംസ്ട്രോങ്ങ് ഒരുകാലത്ത് താമസിച്ചിരുന്ന വീട് എന്നതാണ് ഈ വീടിനെ മൂല്യവത്താക്കുന്നത്. ഇത് ബഹിരാകാശ പ്രേമികൾക്ക് വീടിനോടുള്ള താൽപര്യം വർദ്ധിപ്പിക്കും. നാസയുടെ ജോൺസൺ സ്പേസ് സെന്റർ, ഹ്യൂസ്റ്റൺ സ്പേസ് സെന്റർ എന്നിവയ്ക്ക് സമീപമാണ് ഈ വസതി സ്ഥിതി ചെയ്യുന്നത്. നീൽ ആംസ്ട്രോങ്ങും അദ്ദേഹത്തിന്റെ കുടുംബവും 1964 മുതൽ 1971 വരെ ഈ വീട്ടിലാണ് താമസിച്ചത്.  നാസയുടെ സുപ്രധാന ജെമിനി, അപ്പോളോ ദൗത്യങ്ങൾ ഈ കാലഘട്ടത്തിലായിരുന്നു. നാല് കിടപ്പുമുറികളും മൂന്ന് കുളിമുറിയും ആണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങൾ. ആദ്യത്തെ കിടപ്പുമുറിയിൽ ഒരു ബിൽറ്റ്-ഇൻ ഡെസ്‌ക്, മൂന്ന് കാർ ഗാരേജ് എന്നിവ ഉൾപ്പെടുന്നു. ഒരു ക്ലാസിക് സ്റ്റെയർകേസ്, ഒരു പിങ്ക് പൂൾ ഡെക്ക് എന്നിവയുമുണ്ട് ഈ വീട്ടിൽ. കിടപ്പുമുറികൾക്ക് പുറമെ വീട്ടുമുറ്റത്തെ കുളത്തിന്റെ കാഴ്ചകൾ കാണാൻ സാധിക്കുന്ന ഒരു ലീവിങ് റൂമും ഈ വീട്ടിലുണ്ട്.മാധ്യമ പ്രവർത്തകർക്ക് വളരെ അപൂർവമായി മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. വീടിന്റെ ആദ്യത്തെ ഫൂട്ടേജ് പകർത്താനുള്ള അതുല്യമായ അവസരം 2020ൽ ഫോക്‌സ് 26 -ന് ലഭിച്ചു.
*** *** ***
ഈ മാസം ചേരുന്ന അഞ്ചു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ രാജ്യത്തിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയെന്ന് ശ്രുതി.  'റിപ്പബ്ലിക് ഓഫ് ഇന്ത്യ' എന്ന പേര് 'റിപ്പബ്ലിക് ഓഫ് ഭാരത്' എന്നാക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച പ്രമേയം പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് അഭ്യൂഹം. ഭരണഘടനയിൽ ഇന്ത്യ എന്ന പേരാണ് പൊതുവേ എഴുതിയിരിക്കുന്നതെങ്കിലും ചില ഭാഗങ്ങളിൽ ഭാരത് എന്ന പരാമർശവുമുണ്ട്. 'ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും' എന്നാണ് ആർട്ടിക്കിൾ ഒന്നിൽ പറയുന്നത്.
രാജ്യത്തിന്റെ പേര് മാറ്റിയേക്കുമെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെ വിവിധ കോണിൽ നിന്നും എതിർപ്പുകൾ ശക്തമാവുകയാണ്. സർക്കാരിന്റെ സങ്കുചിത ചിന്തയാണെന്നും ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. സോഷ്യൽ മീഡിയ പറയുന്നത് പേര് മാറ്റം ഏറെ പ്രയാസത്തിലാക്കുക രണ്ടു മൂന്ന് സ്ഥാപനങ്ങളേയും സംഘടനകളേയുമാണെന്നാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് തെക്കേ ഭരതൻ ബാങ്കും ഇന്ത്യൻ കോഫീ ഹൗസ് ഭരതൻ കാപ്പിക്കടയുമായി മാറുമ്പോൾ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ കാര്യമാണ് ബഹു രസം. ഭരതൻ യൂനിയൻ മുസ്‌ലിം ലീഗ് എന്നാക്കേണ്ടി വരുമോയെന്നാണ് പ്രചരിക്കുന്നത്. സമൂഹ മാധ്യമത്തിൽ വേറൊരു ആശങ്കയും ചിലർ പങ്കു വെച്ചതായി കണ്ടു. ഇപ്പോൾ രാജ്യത്ത് പ്രചാരത്തിലുള്ള കറൻസി നോട്ടുകളിലെല്ലാം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണുള്ളത്. ഇത് മാറ്റാൻ വേണ്ടി നോട്ട് റദ്ദാക്കൽ വീണ്ടും വന്നാൽ ബഹുരസമായിരിക്കും. 
*** *** ***
കോഴിക്കോട്ടെ ബിരിയാണിയ്ക്ക് ഒരു ആരാധികയെ കൂടി ലഭിച്ചു. പിന്നിട്ട വാരത്തിൽ പാരഗൺ ഹോട്ടലിലെ ബിരിയാണി രുചിക്കാൻ ബോളിവുഡ് താരം സണ്ണി ലിയോണെത്തി. പതിനൊന്ന് വർഷത്തിന് ശേഷം ആദ്യമായാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതെന്ന് താരം പറഞ്ഞു. മലയാളി പെണ്ണായാണ്  സണ്ണി ലിയോൺ കോഴിക്കോട്ടെത്തിയത്.  കസവ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് ഇത്തവണ നടിയുടെ വരവ്. ഓണാശംസകളും നടി നേർന്നു. കോഴിക്കോട് സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ഫാഷൻ റേയ്‌സ്-വിൻ യുവർ പാഷൻ ഡിസൈനർ ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. കൊച്ചിയിലേത് പോലെ ജനസാഗരം സാക്ഷ്യം വഹിക്കേണ്ടിയിരുന്ന പ്രോഗ്രാം സംഘാടകരുടെ പിടിപ്പുകേട് കാരണം അധികമാരും അറിയാതെ പോയി.  ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കൊപ്പം റാംപ് വാക്ക് നടത്തുകയും അവരോടൊപ്പം സ്നേഹം പങ്കു വെക്കാനും താരം സമയം കണ്ടെത്തിയിരുന്നു. വൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് നടിയെ സ്റ്റേജിലേക്ക് എത്തിച്ചത്. തിരിച്ചുകൊണ്ടുവാൻ വളരെ പാടുപെട്ടു. അവസാനം സ്റ്റേജിനടുത്തുതന്നെ കാർ എത്തിച്ചാണ് സണ്ണിയെ പുറത്തെത്തിച്ചത്. കോഴിക്കോട്ടെ പ്രോഗ്രാമിന് ശേഷം താരം ദുബായിലേക്ക് പറന്ന് ഗോൾഡൻ വിസയും സ്വന്തമാക്കി. 
*** *** ***
മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി 72ാം പിറന്നാൾ ആഘോഷിച്ചു. പ്രിയപ്പെട്ട താരത്തിന്റെ പിറന്നാൾ ആരാധകർ ആഘോഷമാക്കി. അർധ രാത്രിയിൽ മമ്മൂട്ടിയുടെ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടി.  വിവിധ ഇടങ്ങളിൽ നിന്നുള്ളവരാണ് മമ്മൂട്ടിയുടെ വീടിനു മുന്നിൽ തടിച്ചു കൂടിയത്. ആർപ്പു വിളിച്ചും ആശംസകൾ അറിയിച്ചും അഭിവാദ്യം അർപ്പിച്ചും അവർ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കി. ദുൽഖറും മമ്മൂട്ടിയും ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തിയിരുന്നു. ഒപ്പം രമേഷ് പിഷാരടിയുമുണ്ടായിരുന്നു.
മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിയെക്കുറിച്ച് ആരാധകർക്കിടയിൽ ഒരു സംസാരമുണ്ട്, 'മമ്മൂക്ക കടുത്ത ഡയറ്റാണ് അധികം ഭക്ഷണം ഒന്നും കഴിക്കില്ല' എന്നാൽ നിങ്ങൾ കേട്ടത് തെറ്റായ കാര്യമാണ്. ഭക്ഷണം വളരെ ആസ്വദിച്ച് കഴിക്കുന്ന ആളാണ് മമ്മൂട്ടിയെന്ന് ഷെഫ് പിള്ള സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കുറഞ്ഞ അളവിലെ ഭക്ഷണം കഴിക്കുകയുള്ളൂ. ചെമ്മീൻ കറിയൊക്കെ മമ്മൂട്ടിക്ക് ഇഷ്ടമാണ്. ഞെണ്ടൊക്കെ നടന്റെ ഫേവറേറ്റ് ഭക്ഷണമാണ്. രുചിയുള്ള ഭക്ഷണങ്ങൾ എത്രവേണമെങ്കിലും തീൻ മേശയിൽ നിറഞ്ഞോട്ടെ അതിന് എത്ര രുചിയുണ്ട് പറഞ്ഞാലും മമ്മൂട്ടിക്ക് താൻ കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ്, അതാരും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. സ്വയം ഭക്ഷണങ്ങൾ നിയന്ത്രിക്കാനുള്ള വാപ്പച്ചിയുടെ കഴിവിനെക്കുറിച്ച് ദുൽഖറും പറഞ്ഞിട്ടുണ്ട്. കരിമീൻ, കണവ, തിരുത. കൊഴുവ തുടങ്ങിയ മീനുകളോടാണ് പ്രിയം. വൈകുന്നേരവും ചോറിനോട് നോ പറയും. ചായയും കട്ടൻ ചായയും ഒക്കെ മമ്മൂട്ടി കുടിക്കും. രാത്രി ഭക്ഷണത്തിൽ ഓട്സ് ഗോതമ്പു ഉൾപ്പെട്ട ഭക്ഷണമായിരിക്കും കഴിക്കുക. ഇനിയും അനേക വർഷങ്ങൾ മലയാളികളുടെ പ്രിയ സാന്നിധ്യമായി മമ്മൂക്കയുണ്ടാവട്ടെയെന്നാശംസിക്കാം. 
*** *** ***
വില കുത്തനെ കുറഞ്ഞതിന് പിന്നാലെ  തക്കാളി റോഡിൽ തള്ളി കർഷകർ. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം. ഇപ്പോൾ തക്കാളി കിലോയ്ക്ക് വെറും നാല് രൂപയാണ് വില.  കഴിഞ്ഞ മാസം തക്കാളി കിലോയ്ക്ക് 200 രൂപ വരെ എത്തിയിരുന്നു. നിലവിലെ വിലയിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാനോ അടിസ്ഥാന സാധനങ്ങൾ വാങ്ങാനോ കഴിയില്ലെന്ന് കർഷകർ കൂട്ടിച്ചേർത്തു. 
കഴിഞ്ഞ ഏതാനും ആഴ്ചകളിൽ രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിൽ കിലോയ്ക്ക് 300 രൂപയിൽ എത്തിയ തക്കാളി വില കുത്തനെ ഇടിഞ്ഞ് ആറു രൂപയിൽ എത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ കുത്തനെ ഇടിയുന്ന വില കർഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയും ഉയർത്തുന്നുണ്ട്. അയൽരാജ്യമായ നേപ്പാളിൽനിന്ന് തക്കാളി ഇറക്കുമതി ചെയ്തതാണ് പ്രധാനമായും വിലയിടിവിന് കാരണമായി പറയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുടനീളമുള്ള ഡിമാൻഡ് ഇടിഞ്ഞതും പെട്ടെന്നുള്ള വിലയിടിവിന് കാരണമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഇപ്പോഴത്തെ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. വില 200ഉം 300 ഉം ആയി ഉയർന്നത് കണ്ട് കർഷകർ സ്വപ്‌നങ്ങൾ നെയ്‌തെടുത്തിരുന്നുവെങ്കിൽ നാടോടിക്കാറ്റിൽ മോഹൻലാലും ശ്രീനിവാസനും പശുവിനെ വളർത്തിയത് പോലെയാകുമായിരുന്നു. 
*** *** ***
നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചതായി വ്യാജ വാർത്ത. വിദേശ യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായാണ് പ്രചാരണം. ട്വിറ്ററിലും വാർത്താ ചാനലുകളിലും ഈ റിപ്പോർട്ട് എത്തിയിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നും ദിവ്യക്ക് കുഴപ്പമില്ലെന്നും കുടുംബം അറിയിച്ചു.
വ്യാജവാർത്തകൾ പ്രചരിക്കുന്നതിൽ അസ്വസ്ഥരാണ്. ഇല്ലാത്ത വാർത്ത പ്രചരിപ്പിക്കരുത് എന്ന് ദിവ്യയുടെ സുഹൃത്തുക്കൾ അഭ്യർഥിച്ചു. നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന അന്തരിച്ചത് നാളുകൾക്ക് മുമ്പാണ്. അത് ചിലർ തെറ്റിദ്ധരിച്ചതായിരിക്കും എന്നാണ് താരത്തിന്റെ സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നത്.
 'അഭി' എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെയായിരുന്നു ദിവ്യ സ്പന്ദനയുടെ സിനിമാ അരങ്ങേറ്റം. 'പൊല്ലാതവൻ', 'വാരണം ആയിരം', 'സഞ്ജു വെഡ്സ് ഗീത', 'ലക്കി' തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച ദിവ്യ 'ഉത്തരാഖണ്ഡ' എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ ആയിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശം. 2013ൽ കർണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാണ് ദിവ്യ സ്പന്ദന എന്ന രമ്യ ലോക്സഭയിലേക്ക് എത്തിയത്. കേരളത്തിലേത് പോലെ സെലിബ്രിറ്റികളെ കൊന്ന് രസിക്കുന്നവർ അവിടെയുമുണ്ടെന്ന് ചുരുക്കം. 
*** *** ***
മലയാളം വിനോദ ചാനലുകൾ തമ്മിലുള്ള യുദ്ധത്തിൽ വർഷങ്ങളായി ഏഷ്യാനെറ്റ് റാങ്കിങ്ങിൽ നിലനിർത്തിയിരുന്ന ടെലിവിഷൻ റേറ്റിങ്ങ് പോയിന്റ് (ടിആർപി) കുത്തക തകർത്ത് ഫ്ളവേഴ്സ് ടിവി. തിരുവോണ ദിവസം വർഷങ്ങളായി ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നത്. എന്നാൽ, ഇക്കുറി ആ സ്ഥാനം ഫ്ളവേഴ്സ് ടിവിയാണ് നേടിയത്. ഫ്ളവേഴ്സ് ടിവി തിരുവോണ ദിവസം രാവിലെ 11 മുതൽ സുരേഷ് ഗോപിയെ പങ്കെടുപ്പിച്ച് നടത്തിയ ഫ്ളവേഴ്സ് ടോപ്പ് സിങ്ങർ ഗ്രാന്റ് ഫിനാലെ മത്സരമാണ് ചാനലിനെ റേറ്റിങ്ങിൽ ഉയർത്തിയത്. പാച്ചുവും അത്ഭുത വിളക്കും, 2018 സിനിമയും പ്രീമിയർ ചെയ്തിട്ടും ഏഷ്യാനെറ്റിന് ഫ്ളവേഴ്സിന് അടുത്തെത്താൻ സാധിച്ചിട്ടില്ല.
സുരേഷ് ഗോപിയുടെ വരവിൽ 122 പോയിന്റുമായാണ് ഫ്ളവേഴ്സ് ടിവി ടിആർപിയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാമത് എത്തിയ ഏഷ്യാനെറ്റിന് 111 പോയിന്റുകൾ മാത്രം നേടാനെ സാധിച്ചുള്ളൂ. 72 പോയിന്റുമായി മൂന്നാം സ്ഥാനത്ത് സൂര്യ ടിവിയാണ്. മഴവിൽ മനോരമ 42 പോയിന്റും സീ കേരളം 32 പോയിന്റും നേടി നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ഏഷ്യാനെറ്റ് മൂവിസാണ് ആറാം സ്ഥാനത്ത് എത്തിയത്. 23 പോയിന്റാണ് ചാനൽ നേടിയത്. 20പോയിന്റുമായി കൈരളി ഏഴാം സ്ഥാനത്തും 18 പോയിന്റുമായി സൂര്യ മൂവിസ് എട്ടാം സ്ഥാനത്തും തിരുവേണ ദിവസത്തെ ടിആർപി റേറ്റിങ്ങിൽ എത്തിയിട്ടുണ്ട്.  
വെള്ളിയാഴ്ച പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നപ്പോൾ മിക്ക പ്രേക്ഷകരും ആശ്രയിച്ചത് 24 ന്യൂസിനെയാണ്. ശ്രീകണ്ഠൻ നായരുടെ ടീം ന്യൂസിനെ എന്റർടെയിൻമെന്റാക്കി മാറ്റിയത് എല്ലാവരും കണ്ടു രസിച്ചു. പല ബ്രേക്കിംഗുകളും ഫ്ലാഷുകളും വരുന്നതിനിടയ്ക്ക് മിനി സ്‌ക്രീനിൽ ഇതു കൂടി കണ്ടു. ഒന്നാം സ്ഥാനം 24 ന്യൂസിന്-വിശദീകരണവുമുണ്ട്. തെരഞ്ഞെടുപ്പ് വാർത്ത അറിയാൻ യുട്യൂബിൽ രണ്ടു ലക്ഷം പേർ കണ്ടത് 24 ന്യൂസാണ്. പഴയ കാലത്തെ പെന്തകോസ്തു പ്രചാരണ യോഗം പോലെ രസകരമാവുന്നുണ്ട് റിപ്പോർട്ടർ ടിവിയിലെ തമ്മിലടി. 

	
	




