വുള്‍ഫ്‌സ്ബര്‍ഗ് - യൂറോ കപ്പിന് വേദിയൊരുക്കാന്‍ ഒമ്പത് മാസം മാത്രം ശേഷിക്കെ ജര്‍മന്‍ ഫുട്‌ബോള്‍ കനത്ത തകര്‍ച്ചയില്‍. ലോകകപ്പില്‍ ജപ്പാനോട് തോറ്റ് പുറത്തായ അവരെ സ്വന്തം മണ്ണില്‍ നടന്ന സൗഹൃദ മത്സത്തില്‍ ജപ്പാന്‍ 4-1 ന് തകര്‍ത്തു. ജര്‍മനിയുടെ കളിക്കാര്‍ ആരാധകരുടെ കൂവിവിളികള്‍ക്കിടയിലാണ് ഗ്രൗണ്ട് വിട്ടത്. ഇതാണ് ഗതിയെങ്കില്‍ കോച്ച് ഹാന്‍സി ഫഌക് അധികകാലം തുടരാനിടയില്ല. ലോകകപ്പില്‍ 1-2 നാണ് അവര്‍ ജപ്പാനോട് തോറ്റത്.
അവസാന അഞ്ചു കളികളിലും ജര്‍മനിക്ക് ജയിക്കാനായിട്ടില്ല. 13 ഗോള്‍ വഴങ്ങി. ജപ്പാന്‍ നിരന്തരം അവരുടെ പ്രതിരോധം തകര്‍ത്ത് മുന്നേറി. പ്രത്യേകിച്ചും ലെഫ്റ്റ്ബാക്ക് നിക്കൊ ഷ്‌ലോറ്റര്‍ബെര്‍ഗിനെ ജപ്പാന്‍ മുന്നേറ്റനിര തുടരെ കീഴടക്കി. ലോകകപ്പിന് ശേഷം ആദ്യമായി തോമസ് മുള്ളറെ പകരക്കാരനായി ഇറക്കിയിട്ടും ജര്‍മനിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ചൊവ്വാഴ്ച ലോകകപ്പ് റണ്ണേഴ്‌സ്അപ്പായ ഫ്രാന്‍സാണ് ജര്‍മനിയെ കാത്തിരിക്കുന്നത്.