റോം - കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടാനാവാതിരുന്ന ഇറ്റലി യൂറോ കപ്പിലും ആശങ്കയുടെ മുള്‍മുനയില്‍. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരെ നോര്‍ത്ത് മസിഡോണിയ 1-1 ന് തളച്ചു. പ്ലേഓഫില്‍ നോര്‍ത്ത് മസിഡോണിയയോട് തോറ്റതാണ് ലോകകപ്പില്‍ ഇറ്റലിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. അതിന് പകരം ചോദിക്കാനാണ് അവര്‍ സ്‌കോപ്യെയില്‍ എത്തിയത്. എന്നാല്‍ കോച്ചായി ലൂഷ്യാനൊ സ്പലേറ്റിയുടെ അരങ്ങേറ്റത്തില്‍ അസൂറികള്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ലോക റാങ്കിംഗില്‍ അറുപത്തെട്ടാം സ്ഥാനക്കാരാണ് നോര്‍ത്ത് മസിഡോണിയ.
മൂന്ന് യോഗ്യതാ മത്സരങ്ങളില്‍ ഒരെണ്ണം മാത്രമേ ഇറ്റലി ജയിച്ചിട്ടുള്ളൂ, വാലറ്റക്കാരായ മാള്‍ടക്കെതിരെ. 13 പോയന്റുമായി ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ഉക്രൈന് ഒമ്പത് പോയന്റുണ്ട്. ഇറ്റലിക്കും നോര്‍ത്ത് മസിഡോണിയക്കും നാല് പോയന്റ് വീതമേയുള്ളൂ. ആദ്യ രണ്ട് സ്ഥാനക്കാരേ നേരിട്ട് ഫൈനല്‍ റൗണ്ടിലെത്തൂ.
നാപ്പോളിയെ ആക്രമണ ഫുട്‌ബോളിലൂടെ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരാക്കിയ സ്പലേറ്റിയുടെ അരങ്ങേറ്റത്തില്‍ ആ ഗുണമൊന്നും ഇറ്റലിയുടെ കളിയില്‍ കണ്ടില്ല. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഇടവേള കഴിഞ്ഞയുടനെ സീറൊ ഇമ്മോബിലെ ഹെഡറിലൂടെ അസൂറികള്‍ക്ക് ലീഡ് സമ്മാനിച്ചു. 81ാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്ന് എനിസ് ബാര്‍ദി തിരിച്ചടിച്ചു.
ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പിന് പോളണ്ടിലെ വോര്‍ക്ലായില്‍ ഉക്രൈന്‍ തടയിട്ടു. ഒലക്‌സാണ്ടര്‍ സില്‍ചെങ്കോയുടെ ഗോളില്‍ അവര്‍ 1-1 സമനില നേടി. ഇംഗ്ലണ്ട് ജഴ്‌സിയിലെ എഴുപത്തേഴാമത്തെ കളിയില്‍ ആദ്യ ഗോളടിച്ച് കയ്ല്‍ വാക്കറാണ് ടീമിന് സമനില സമ്മാനിച്ചത്.
സൗദി അറേബ്യയില്‍ ഇത്തിഫാഖിന്റെ താരമായ യാനിക് കരാസ്‌കോയുടെ ഗോളില്‍ ബെല്‍ജിയം 1-0 ന് അസര്‍ബയ്ജാനെ തോല്‍പിച്ചു. സ്വീഡന്‍ 5-0 ന് എസ്റ്റോണിയയെ തകര്‍ത്തു. ബെല്‍ജിയത്തിനും ഓസ്ട്രിയക്കും 10 പോയന്റ് വീതമുണ്ട്.
ഇഞ്ചുറി ടൈമില്‍ കോസൊവോയുമായി 2-2 സമനില വഴങ്ങിയെങ്കിലും സ്വിറ്റ്‌സര്‍ലന്റ് ഗ്രൂപ്പ് ഐ-യില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലാണ് കോസൊവോയുടെ വേദാദ് മുരീഖി തന്റെയും ടീമിന്റെയും രണ്ടാം ഗോളടിച്ചത്. കോസൊവൊ ഡിഫന്റര്‍ അമീര്‍ റഹമാനിയുടെ സെല്‍ഫ് ഗോള്‍ സ്വിറ്റ്‌സര്‍ലന്റിനെ തുണച്ചു.