ന്യൂയോര്‍ക്ക് - വര്‍ഷങ്ങള്‍ക്കു ശേഷം യു.എസ് ഓപണ്‍ ടെന്നിസില്‍ ആതിഥേയ താരത്തിന് കിരീടം. ആവേശകരമായ വനിതാ ഫൈനലില്‍ ടീനേജര്‍ കോക്കൊ ഗഫ് ലോക രണ്ടാം നമ്പര്‍ അരീന സബലെങ്കയെ മൂന്നു സെറ്റില്‍ തോല്‍പിച്ചു (2-6, 6-3, 6-2). പുരുഷ ഫൈനലില്‍ നോവക് ജോകോവിച്ചും ഡാനില്‍ മെദവദേവും ഏറ്റുമുട്ടും.
സെറീന വില്യംസും വീനസ് വില്യംസുമാണ് ആഫ്രിക്കന്‍ അമേരിക്കക്കാരായ തന്നെപ്പോലുള്ളവര്‍ക്ക് വിജയത്തിലേക്കുള്ള പാത കാട്ടിയതെന്ന് മത്സര ശേഷം ഗഫ് പറഞ്ഞു. 1999 ല്‍ സെറീന വില്യംസാണ് അവസാനമായി യു.എസ് ഓപണ്‍ നേടിയ ടീനേജര്‍. കഴിഞ്ഞ വര്‍ഷം യു.എസ് ഓപണില്‍ 43ാം വയസ്സില്‍ സെറീന വിരമിച്ചു. ഈ വര്‍ഷം ഗഫിന്റേതായിരുന്നു. മുന്‍ യു.എസ് പ്രസിഡന്റ് ബാരക് ഒബാമയും ഭാര്യ മിഷേലും മുതല്‍ ഹോളിവുഡ് താരങ്ങള്‍ വരെ ഗഫിന്റെ കളി കാണാന്‍ ആര്‍തര്‍ ആഷെ കോര്‍ടിലെത്തി.
പതിനഞ്ചാം വയസ്സില്‍ വിംബിള്‍ഡണ്‍ മുഖ്യ റൗണ്ടിലേക്ക് യോഗ്യത നേടിയാണ് ഗഫ് ലോക ശ്രദ്ധയാകര്‍ഷിച്ചത്. 2019 ലെ അരങ്ങേറ്റത്തില്‍ പ്രി ക്വാര്‍ട്ടര്‍ വരെ മുന്നേറി. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപണ്‍ ഫൈനലിലെത്തി. കഴിഞ്ഞ ജൂലൈയില്‍ വിംബിള്‍ഡണ്‍ ആദ്യ റൗണ്ടില്‍ തോറ്റത് ഗഫിന് വലിയ പാഠമായി. അതിനു ശേഷം കളിച്ച 19 മത്സരങ്ങളില്‍ പതിനെട്ടാമത്തെ ജയമാണ് ഇത്. ആദ്യ ഗ്രാന്റ്സ്ലാം കിരീടം ആ മുന്നേറ്റത്തിന് തിലകക്കുറിയായി. ലോക ആറാം നമ്പറാണ് ഗഫ്.