കൊളംബൊ - സധീര സമരവിക്രമയുടെയും (72 പന്തില്‍ 93) കുശാല്‍ മെന്‍ഡിസിന്റെയും (73 പന്തില്‍ 50) അര്‍ധ സെഞ്ചുറികളിലേറി നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കക്ക് ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ആദ്യ ജയം. ബംഗ്ലാദേശിനെ അവര്‍ 21 റണ്‍സിന് തോല്‍പിച്ചു. അഞ്ചിന് 164 ലേക്ക് തകര്‍ന്ന ശ്രീലങ്കയെ അവസാന പന്തില്‍ പുറത്തായ സധീര ഏഴിന് 257 ലേക്ക് കൈ പിടിച്ചുയര്‍ത്തുകയായിരുന്നു. ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും ഈ സ്‌കോറിന് വെല്ലുവിളിയുയര്‍ത്താനായില്ല. 11 പന്ത് ശേഷിക്കെ 236 ന് അവര്‍ ഓളൗട്ടായി. തൗഹീദ് ഹൃദയ് (97 പന്തില്‍ 82) അവസാനം വരെ പൊരുതിയെങ്കിലും ലക്ഷ്യം അവരില്‍ നിന്ന് അകന്നു കൊണ്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും ബംഗ്ലാദേശിനെ ശ്രീലങ്ക തോല്‍പിച്ചിരുന്നു.
ക്യാപ്റ്റന്‍ ദസുന്‍ ഷാനകയും (9-0-28-3) മഹീഷ തീക്ഷണയും (9-0-69-3) മതീഷ പതിരണയും (9.1-1-58-3) ചേര്‍ന്നാണ് ബംഗ്ലാദേശിനെ ഒതുക്കിയത്. ബംഗ്ലാദേശിന്റെ ആദ്യ മൂന്നു ബാറ്റര്‍മാരും നന്നായി തുടങ്ങിയെങ്കിലും വൈകാതെ അവര്‍ നാലിന് 83 ലേക്ക് തകര്‍ന്നു.
ഇന്ത്യക്കെതിരായ മത്സരം ബാക്കിയിരിക്കെ ബംഗ്ലാദേശ് പുറത്തേക്കുള്ള വഴിയിലാണ്. പാക്കിസ്ഥാനും ശ്രീലങ്കയും രണ്ട് പോയന്റുമായി മുന്നിലുണ്ട്.