മോണ്ടിവിഡിയൊ - ബൊളീവിയയെ 5-1 ന് തകര്‍ത്ത് ബ്രസീല്‍ 2026 ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിലേക്ക് വലതു കാല്‍ വെച്ചു. ദേശീയ ജഴ്‌സിയില്‍ 78ാം ഗോളോടെ പെലെയുടെ റെക്കോര്‍ഡ് നെയ്മാര്‍ മറികടന്നു. 61ാം മിനിറ്റിലായിരുന്നു നെയ്മാറിന്റെ ചരിത്ര ഗോള്‍. 77 ഗോളുമായി ഇരുവരും റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ വീണ്ടും ഗോളടിച്ച് നെയ്മാര്‍ റെക്കോര്‍ഡ് മെച്ചപ്പെടുത്തുകയും ചെയ്തു. 1957-1971 കാലഘട്ടത്തില്‍ പെലെ 92 കളികളില്‍ 77 ഗോളടിച്ചുവെന്നാണ് ഫിഫയുടെ കണക്ക്. എന്നാല്‍ ക്ലബ്ബുകള്‍ക്കെതിരായ ഏതാനും അനൗദ്യോഗിക മത്സരങ്ങളിലെ ഗോള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ബ്രസീലിന്റെ കണക്ക്. പെലെ 114 കളികളില്‍ 95 ഗോളടിച്ചുവെന്നാണ് അവരുടെ അവകാശവാദം. ഈ കാര്യം പ്രത്യേകം പരാമര്‍ശിച്ചാണ് ബ്രസീല്‍ കോണ്‍ഫെഡറേഷനും പെലെ ഫൗണ്ടേഷനും നെയ്മാറിനെ അഭിനന്ദിച്ചത്.
17ാം മിനിറ്റില്‍ തന്നെ ഗോളടിക്കാന്‍ നെയ്മാറിന് അവസരം ലഭിച്ചതായിരുന്നു. എന്നാല്‍ അല്‍ഹിലാല്‍ താരത്തിന്റെ പെനാല്‍ട്ടി അനായാസം ബൊളീവിയന്‍് ഗോളി ഗ്വിയര്‍മൊ വിസ്‌കാര രക്ഷപ്പെടുത്തി. ബ്രസീല്‍ ജഴ്‌സിയില്‍ നെയ്മാറിന്റെ 125ാം മത്സരമാണ് ഇത്.
റഫീഞ്ഞയുടെ ഷോട്ട് വിസ്‌കാര തട്ടിത്തെറിപ്പിച്ചപ്പോള്‍ റീബൗണ്ട് ഗോളാക്കി റോഡ്രിഗോയാണ് ബ്രസീലിന്റെ അക്കൗണ്ട് തുറന്നത്. ഇടവേളക്കു ശേഷം ഇടതു വിംഗിലൂടെ കുതിച്ച് റഫീഞ്ഞ ലീഡുയര്‍ത്തി. നെയ്മാര്‍ തന്ത്രപൂര്‍വം ഉയര്‍ത്തി നല്‍കിയ പന്തില്‍ നിന്നാണ് റോഡ്രിഗൊ മൂന്നാം ഗോളടിച്ചത്. എഴുപത്തെട്ടാം മിനിറ്റില്‍ ചരിത്ര നിമിഷം പറന്നു. വിക്ടര്‍ അബ്രേഗൊ ഒരു ഗോള്‍ മടക്കിയെങ്കിലും നെയ്മാര്‍ ഇഞ്ചുറി ടൈമില്‍ നാല് ഗോള്‍ ലീഡ് വീണ്ടെടുത്തു.
പുതിയ കോച്ച് മാഴ്‌സെലൊ ബിയല്‍സക്കു കീഴില്‍ യുവനിരയുമായി ഇറങ്ങിയ ഉറുഗ്വായ് 3-1 ന് ചിലിയെ തകര്‍ത്തു.