ഇന്ത്യ x പാക്കിസ്ഥാന്‍
ഞായര്‍ ഉച്ച 12.30
കൊളംബൊ - വിവാദങ്ങളും ആസൂത്രണമില്ലായ്മയും കൊണ്ട് അലങ്കോലമായ ഏഷ്യാ കപ്പ് ക്രിക്കറ്റിന് ആവേശം പകരാന്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തിന് കഴിയുമോ? അതോ ഈ ടീമുകള്‍ തമ്മിലുള്ള ഗ്രൂപ്പ് മത്സരം പോലെ ഇതും മഴയില്‍ നനഞ്ഞ പടക്കമാവുമോ? കൊളംബോയില്‍ ഞായറാഴ്ച മഴ പെയ്യാന്‍ 90 ശതമാനമാണ് സാധ്യത. ഇന്ത്യയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളും മഴ തടസ്സപ്പെടുത്തിയിരുന്നു. നേപ്പാളിനെതിരായ കളി കഷ്ടിച്ച് പൂര്‍ത്തിയാക്കാനായെന്നു മാത്രം. എന്നാല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തിന് ഒരു റിസര്‍വ് ദിനം കഴിഞ്ഞ ദിവസം തട്ടിക്കൂട്ടിയിട്ടുണ്ട്. ഒരു ടൂര്‍ണമെന്റില്‍ ഒരു കളിക്ക് മാത്രം പ്രത്യേക നിയമമോ എന്നൊന്നും ചോദിച്ചേക്കരുത്. എന്നാല്‍ അതുകൊണ്ടും കാര്യമില്ലെന്ന നിലയിലാണ് കൊളംബോയിലെ കാലാവസ്ഥ.
കളി നടന്നാല്‍ ഇന്ത്യ ഉറ്റുനോക്കുന്നത് കെ.എല്‍ രാഹുല്‍ ടീമിലുണ്ടാവുമോ, വിക്കറ്റ് കാക്കുമോ എന്നതാണ്. മേയില്‍ ഐ.പി.എല്ലിന്റെ തുടക്കത്തിലാണ് അവസനമായി ഒരു മത്സരം കളിച്ചതെങ്കിലും രാഹുലിനെ വിക്കറ്റ്കീപ്പര്‍ ബാറ്ററായി ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. രാഹുലിന് ഫോമും ഫിറ്റ്‌നസും തെളിയിക്കാനുള്ള അവസരമാണ് ഇത്. ഇശാന്‍ കിഷന്‍ ബാറ്റിംഗിനിറങ്ങിയ കഴിഞ്ഞ നാല് കളികളിലും അര്‍ധ ശതകം നേടി അവസരത്തിനായി കാത്തുനില്‍ക്കുന്നുണ്ട്. റിസര്‍വ് നിരയില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്. രാഹുല്‍ അവസാനം ഏകദിനം കളിച്ചത് മാര്‍ച്ചിലാണ്. ജസ്പ്രീത് ബുംറക്കും മത്സര ഫിറ്റ്‌നസ് തെളിയിക്കാനുള്ള അവസരമാണ് ഇത്. ബുംറ തിരിച്ചെത്തിയതോടെ മുഹമ്മദ് ഷമിക്ക് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെടും.
ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ പെയ്‌സര്‍മാര്‍ ഇന്ത്യന്‍ മുന്‍നിരയെ വിറപ്പിച്ചിരുന്നു. ഇശാനും ഹാര്‍ദിക് പാണ്ഡ്യയുമാണ് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. പാക് പെയ്‌സര്‍മാരും ഇന്ത്യന്‍ ബാറ്റര്‍മാരും തമ്മിലുള്ള മറ്റൊരു പൊരിഞ്ഞ പോരാട്ടത്തിന് മഴ അനുവദിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം. പാക് പെയ്‌സര്‍മാരായ ശാഹീന്‍ ഷാ അഫ്‌രീദിയും നസീം ഷായും ഹാരിസ് റഊഫും ടൂര്‍ണമെന്റില്‍ ഇതുവരെ 23 വിക്കറ്റ് നേടി. ശാഹീനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പ്രത്യേകം പരിശീലനം നടത്തി.
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ തോല്‍പിച്ചിരുന്നു. ഇന്ത്യയെ കീഴടക്കിയാല്‍ അവര്‍ ഫൈനല്‍ ഏതാണ്ടുറപ്പിക്കും.