കാസര്‍കോട്: സ്‌പോര്‍ട്‌സ് മെഡിസിനിലെ പുനരധിവാസ പ്രക്രിയകളുടെ നേട്ടം കാഴ്ച്ച വെക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനും മാന്ത്രിക സ്‌െ്രെടക്കറുമായ ബൈച്ചുങ്ങ് ബൂട്ടിയക്ക് നാടിന്റെ വരവേല്‍പ്പ്.
നയന്മാര്‍മൂലയിലെ ഹില്‍ ടോപ്പ് അരീന ടര്‍ഫില്‍ നടന്ന മത്സരത്തിനാണ് ബൂട്ടിയ എത്തിയത്. സ്‌പോര്‍ട്‌സ് പരിക്കുകള്‍ക്ക് വിജയകരമായ ശസ്ത്രക്രിയയ്ക്കും പുനരധിവാസത്തിനും വിധേയരായ കളിക്കാര്‍ അണിനിരന്ന കിംസ് ടീമാണ് ലക്കി സ്റ്റാര്‍സ് എന്ന ഫുട്‌ബോള്‍ ടീമിനോട് മാറ്റുരച്ചത്.
ഹെല്‍ത്തിയം മെഡ്‌ടെക്ക് സംഘടിപ്പിച്ച 'സ്‌പോര്‍ട്‌സ് ഫോര്‍ ലൈഫ്' എന്ന ഏകദിന വൈദ്യശാസ്ത്ര സമ്മേളത്തിന്റെ ഭാഗമായാണ് മത്സരം നടന്നത്. പരിക്കേറ്റ കായികതാരങ്ങളെ പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ സഹായിക്കുന്ന പുനരധിവാസ സാങ്കേതിക വിദ്യകളും ചികിത്സാ സാകര്യങ്ങളും എല്ലാ താരങ്ങള്‍ക്കും ലഭ്യമാവുന്ന രീതിയില്‍ സാര്‍വത്രികമാകണമെന്ന് ബൈച്ചുങ്ങ് ബൂട്ടിയ പറഞ്ഞു.
ആരോഗ്യ മേഖലയില്‍ ഇതിനായി ഏകോപിതമായ പരിശ്രമം ഉണ്ടാവണം. പരിക്കേറ്റ താരങ്ങള്‍ ബുദ്ധിമുട്ടാന്‍ ഇടവരരുത്, ബൈച്ചുങ്ങ് ബൂട്ടിയ പറഞ്ഞു. കാല്‍മുട്ടിലെ പരിക്കും ശസ്ത്രക്രിയയും സംബന്ധിച്ച് സ്വന്തം അനുഭവവും അദ്ദേഹം പങ്കുവെച്ചു.
സ്‌പോര്‍ട്‌സ് പരിക്കുകള്‍ ചികിത്സിക്കുന്നതിനുമുള്ള മെഡിക്കല്‍ ഉപകരണങ്ങളിലും സാങ്കേതികവിദ്യകളിലും പരിചയസമ്പന്നരായ സ്‌പോര്‍ട്‌സ് സര്‍ജന്‍മാരുടെ എണ്ണത്തിലും രാജ്യം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ലൂര്‍ദ് ഹോസ്പിറ്റലിലെ അഡള്‍ട്ട് റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് മെഡിസിന്‍ കോഴ്‌സ് ഡയറക്ടറും എച്ച് ഒ.ഡിയുമായ ഡോ. ജോണ്‍ തയ്യില്‍ ജോണ്‍, ഹെല്‍ത്തിയം മെഡ്‌ടെക് ലിമിറ്റഡ് വൈസ് പ്രസിഡന്റ് സുബീര്‍ ദാസ് എന്നിവരും മത്സരത്തില്‍ പങ്കാളികളായി.
കിംസ് ടീമിലെ കളിക്കാരില്‍ ഭൂരിഭാഗവും കാല്‍ മുട്ട് ശസ്ത്രക്രിയക്ക് വിധേയരായവരാണെന്ന് ഡോ. ജോണ്‍ തയ്യില്‍ ജോണ്‍ പറഞ്ഞു,
കായിക പ്രകടനം വീണ്ടെടുക്കുന്നതില്‍ സ്‌പോര്‍ട്‌സ് മെഡിസിനുള്ള നിര്‍ണ്ണായക പങ്ക് വെളിവാക്കുന്നതാണ് ഫുട്‌ബോള്‍ മത്സരമെന്ന് സുബീര്‍ ദാസ് പറഞ്ഞു. ഡോ.ജോണ്‍ ടി.ജോണ്‍, ഡോ.ശ്രീഹരി സി.കെ, ഡോ.ജ്യോതിപ്രശാന്ത് എം, ഡോ.പ്രസാദ് എം.മേനോന്‍ എല്‍, ഡോ.ഷാനവാസ് കെ.പി, ഡോ.രഞ്ജിത് ജെ.മാത്യു എന്നിവര്‍ ഹോട്ടല്‍ ലളിതില്‍ നടന്ന ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.