മലപ്പുറം - അമ്പത്തൊമ്പതാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം തൃശൂരിന്. മലപ്പുറം കോട്ടപ്പടി മൈതാനത്ത് നടന്ന ഫൈനലില്‍ അവര്‍ 2-1 ന് കണ്ണൂരിനെ തോല്‍പിച്ചു. ഇടുക്കിയെ 2-0 ന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരും ആതിഥേയരുമായ മലപ്പുറം മൂന്നാം സ്ഥാനം നേടി.
ഫൈനലില്‍ തൃശൂരിനായി മിദ്‌ലാജ് (33ാം മിനിറ്റ്), ബിജേഷ് ടി. ബാലന്‍ (82) എന്നിവര്‍ ഗോള്‍ നേടി. റിസ്‌വാനിലൂടെ (59) കണ്ണൂര്‍ താല്‍ക്കാലികമായി സമനില നേടിയിരുന്നു. ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളടിക്കുന്നതില്‍ ഇരു ടീമുകളും പിശുക്കു കാണിച്ചു.
ലൂസേഴ്‌സ് ഫൈനലില്‍ മലപ്പുറത്തിനായി മുഹമ്മദ് നിഷാം (61), ജിഷ്ണു ബാലകൃഷ്ണന്‍ (90+5) എന്നിവര്‍ സ്‌കോര്‍ ചെയ്തു. മലപ്പുറം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി ജേതാക്കള്‍ക്ക് ട്രോഫി നല്‍കി.