ബ്ലൂംഫൊണ്ടയ്ന്‍ - ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാണര്‍ ഇന്ത്യയുടെ സചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ദീര്‍ഘകാലമായി നിലനിന്ന റെക്കോര്‍ഡ് തകര്‍ത്തു. ഓപണര്‍ സ്ഥാനത്ത് വാണര്‍ നാല്‍പത്താറാം സെഞ്ചുറി നേടി. ടെസ്റ്റില്‍ ഇരുപത്തഞ്ചും ഏകദിനങ്ങളില്‍ ഇരുപതും സെഞ്ചുറിയാണ് വാണര്‍ പൂര്‍ത്തിയാക്കിയത്. സചിന്‍ ഓപണറായി 45 സെഞ്ചുറി നേടിയിരുന്നു. എല്ലാം ഏകദിനങ്ങളില്‍.
85 പന്തില്‍ മൂന്ന് സിക്‌സറും 12 ബൗണ്ടറിയും സഹിതമായിരുന്നു വാണറുടെ സെഞ്ചുറി (93 പന്തില്‍ 106). മാര്‍നസ് ലാബുഷൈനും (91 പന്തില്‍ 111 നോട്ടൗട്ട്) സെഞ്ചുറിയടിച്ചതോടെ ഓസ്‌ട്രേലിയ പടുകൂറ്റന്‍ സ്‌കോറിലേക്കാണ് നീങ്ങുന്നത്. എട്ടോവര്‍ ശേഷിക്കെ അവര്‍ മൂന്നിന് 333 ലെത്തി. വാണറും ട്രാവിസ് ഹെഡും (36 പന്തില് 64) ഓപണിംഗ് വിക്കറ്റില്‍ 11.5 ഓവറില്‍ നേടിയ 109 റണ്‍സാണ് ഓസീസ് കുതിപ്പിന് അടിത്തറയിട്ടത്. തബ്‌രൈസ് ശംസി ഒഴികെ എല്ലാ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും അമ്പതിലേറെ റണ്‍സ് വഴങ്ങി. വാണര്‍ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു.