ന്യൂയോര്‍ക്ക് - നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ കാര്‍ലോസ് അല്‍കാരസിനെ ഞെട്ടിച്ച് റഷ്യക്കാരന്‍ ഡാനില്‍ മെദ്‌വദേവ് യു.എസ് ഓപണ്‍ ടെന്നിസിന്റെ പുരുഷ സിംഗിള്‍സില്‍ ഫൈനലിലെത്തി. രണ്ടു വര്‍ഷം മുമ്പ് നടന്ന ഫൈനലിന്റെ ആവര്‍ത്തനത്തില്‍ റെക്കോര്‍ഡ് ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ നോവക് ജോകോവിച്ചുമായാണ് മൂന്നാം സീഡ് മെദ്‌വദേവ് കലാശക്കളിയില്‍ ഏറ്റുമുട്ടുക.
7-6 (7/3), 6-1, 3-6, 6-3 ജയത്തോടെ മെദ്‌വദേവ് കരിയറിലെ അഞ്ചാമത്തെ ഗ്രാന്റ്സ്ലാം ഫൈനലിലാണ് ഇടം നേടിയത്. 2008 ല്‍ റോജര്‍ ഫെദരര്‍ക്കു ശേഷം തുടര്‍ച്ചയായി യു.എസ് ഓപണ്‍ നേടുന്ന താരമാവാന്‍ അല്‍കാരസിന് സാധിച്ചില്ല.
രണ്ടാം സീഡായ നോവക് സീഡില്ലാത്ത ഇരുപതുകാരന്‍ ബെന്‍ ഷെല്‍റ്റന്റെ കുതിപ്പാണ് 6-3, 6-2, 7-6 (7/4) ന് അവസാനിപ്പിച്ചത്. 17ാം തവണ യു.എസ് ഓപണ്‍ കളിക്കുന്ന മുപ്പത്താറുകാരന്‍ പത്താമത്തെ ഫൈനലിലെത്തി. കഴിഞ്ഞ 23 ഗ്രാന്റ്സ്ലാമുകളില്‍ ഇരുപത്തിരണ്ടിലും നോവക് സെമി ജയിച്ചു. 2018 ലാണ് അവസാനം യു.എസ് ഓപണ്‍ ചാമ്പ്യനായത്. 24ാം ഗ്രാന്റ്സ്ലാമിന് ഒരു ജയം അരികിലാണ് നോവക്. നാല് ഗ്രാന്റ്സ്ലാമുകളിലും ഒരേ വര്‍ഷം ഫൈനലിലെത്തുന്നത് മൂന്നാം തവണയാണ്. വിംബിള്‍ഡണ്‍ ഫൈനലില്‍ അല്‍കാരസിനോട് തോറ്റു.