പാരിസ് - യൂറോ കപ്പ് ഫുട്ബോളിന്റെ യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി സ്കോപ്യെയില്‍ ശനിയാഴ്ച നോര്‍ത്ത് മസിഡോണിയയെ നേരിടും. കഴിഞ്ഞ ലോകകപ്പില്‍ മസിഡോണിയയോട് പ്ലേഓഫ് തോറ്റതാണ് ഇറ്റലി ഫൈനല്‍ റൗണ്ടിലെത്താതിരിക്കാന് കാരണം. പുതിയ കോച്ച് ലൂസിയാനൊ സ്പലേറ്റിക്ക് ഇത് അരങ്ങേറ്റമായിരിക്കും.
ഒറേലിയന്‍ ചൂമേനിയുടെ തകര്‍പ്പന്‍ ഗോളില്‍ അയര്‍ലന്റിനെ 2-0 ന് തോല്പിച്ച ഫ്രാന്‍സ് യൂറോ കപ്പ് ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ ബെര്‍ത്ത് ഏതാണ്ടുറപ്പിച്ചു. ഫ്രാന്‍സിന്റെ 900ാമത്തെ മത്സരത്തില്‍ പത്തൊമ്പതാം മിനിറ്റിലായിരുന്നു ചൂമേനിയുടെ മനോഹരമായ ഗോള്‍. ഇടവേളക്കു ശേഷം പകരക്കാരന് മാര്‍ക്കസ് തുറാമും സ്കോര്‍ ചെയ്തു.
നിലവിലെ ലോകകപ്പ് റണ്ണേഴ്സ്അപ്പായ ഫ്രാന്‍സ് അഞ്ചു കളിയില്‍ അഞ്ചാം വിജയം നേടി. ഇതുവരെ ഒരു ഗോള്‍ പോലും അവര്‍ വഴങ്ങിയിട്ടില്ല. നെതര്‍ലാന്റ്സിനെയും ഗ്രീസിനെയുംകാള് ഒമ്പത് പോയന്റിന്റെ വമ്പന്‍ ലീഡുണ്ട്. ഗ്രീസിനെ 3-0 ന് തകര്‍ത്ത നെതര്‍ലാന്റ്സും ഈ ഗ്രൂപ്പില്‍ നിന്ന് ഒപ്പം മുന്നേറിയേക്കും. ഞായറാഴ്ച നെതര്‍ലാന്റ്സിനെ തോല്പിച്ചില്ലെങ്കില് അയര്‍ലന്റ് പുറത്താവും.