കൊളംബൊ - ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഞായറാഴ്ചയിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് റിസര്‍വ് ദിനം പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് മാറ്റം പ്രഖ്യാപിച്ചത്. ഈ ടീമുകള്‍ തമ്മിലുള്ള ഗ്രൂപ്പ് മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഞായറാഴ്ചയിലെ മത്സരത്തിലും മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ്. എന്നാല്‍ ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ ചട്ടം മാറ്റിയതിലും ഒരു കളിക്കു മാത്രം റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയതിലും മറ്റു രണ്ടു ടീമുകള്‍ കുപിതരാണ്. ഫൈനലിന് നേരത്തെ റിസര്‍വ് ദിനം പ്രഖ്യാപിച്ചിരുന്നു.
എല്ലാ ടീമുകള്‍ക്കും പ്രാതിനിധ്യമുള്ള ടെക്‌നിക്കല്‍ കമ്മിറ്റിയാണ് സാധാരണ ചട്ടങ്ങള്‍ തീരുമാനിക്കാറെന്നും പാതിവഴിയില്‍ ചട്ടം മാറ്റുന്ന മറ്റൊരു ടൂര്‍ണമെന്റ് കണ്ടിട്ടില്ലെന്നും ബംഗ്ലാദേശ് കോച്ച് ചന്ദിക ഹതുരസിംഗെ കുറ്റപ്പെടുത്തി. തീരുമാനം അമ്പരപ്പിച്ചുവെന്ന് ശ്രീലങ്കന്‍ കോച്ച് ക്രിസ് സില്‍വര്‍വുഡും പറഞ്ഞു.
കൊളംബോയില്‍ മഴ തുടരുന്നതിനാല്‍ മത്സരങ്ങള്‍ താരതമ്യേന മഴ കുറഞ്ഞ ഹമ്പന്‍തൊട്ടയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക ആതിഥേയരായ പാക്കിസ്ഥാന്‍ ബോര്‍ഡിനോട് ആലോചിക്കാതെ ജയ് ഷാ ചെയര്‍മാനായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ കൊളംബോയില്‍ തന്നെ ടൂര്‍ണമെന്റ് തുടരുമെന്ന ടീമുകള്‍ക്ക് ഇ-മെയില്‍ അയക്കുകയായിരുന്നു.
അതിനിടെ, ആദ്യ കുഞ്ഞിന്റെ പ്രസവത്തോടനുബന്ധിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തി. നേപ്പാളിനെതിരായ മത്സരത്തില്‍ ബുംറ കളിച്ചിരുന്നില്ല.