സാവൊപൗളൊ - താന്‍ കായികക്ഷമതയാര്‍ജിച്ചു വരുന്നതായി ലോകകപ്പ് യോഗ്യതാ റൗണ്ടിനായി ബ്രസീലിലെത്തിയ നെയ്മാര്‍ പ്രഖ്യാപിച്ചു. അല്‍ഹിലാലിന്റെ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ പരിശീലനത്തില്‍ ചെറിയ തട്ട് കിട്ടിയതോടെ കോച്ച് പുറത്തിരുത്തുകയായിരുന്നു. സൗദി ലീഗ് ഫ്രഞ്ച് ലീഗിനോളമോ കൂടുതലോ മികച്ച ലീഗാണെന്നും നെയ്മാര്‍ പ്രഖ്യാപിച്ചു.
സൗദിയിലും ബോള്‍ ഉരുണ്ടിട്ടാണ്, ഗോള്‍ പോസ്റ്റുണ്ട്, അവിടെ കളിക്കുന്ന കളിക്കാരെ താരതമ്യം ചെയ്യുമ്പോള്‍ അത് ഫ്രഞ്ച് ലീഗിനെക്കാള്‍ മെച്ചമല്ലേയെന്ന് ചോദിക്കുകയാണ്. ഫ്രഞ്ച് ലീഗിലേക്ക് പോയപ്പോള്‍ പലരും ചോദിച്ചു, അവിടെ അത്ര മത്സരമില്ലല്ലോയെന്ന്. സൗദി ചാമ്പ്യന്‍ഷിപ് കളിക്കുക അത്ര എളുപ്പമല്ല. മറ്റു ടീമുകള്‍ ശക്തമാണ്, നല്ല കളിക്കാരുണ്ട്. നിങ്ങളൊക്കെ അത് വീക്ഷിക്കുന്നുണ്ടാവുമെന്ന് ഉറപ്പുണ്ട്.
മുപ്പത്തൊന്നുകാരന്‍ ലോകകപ്പിലാണ് അവസാനമായി ബ്രസീലിന് കളിച്ചത്. പിന്നീട് വിരമിക്കാാന്‍ ആലോചിച്ചെങ്കിലും അടുപ്പമുള്ളവര്‍ പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് സ്‌ട്രൈക്കര്‍ പറഞ്ഞു. പെലെയുടെ ബ്രസീല്‍ ഗോള്‍ റെക്കോര്‍ഡ് (77) മറികടക്കാന്‍ നെയ്മാറിന് ഒരെണ്ണം കൂടി മതി. ആ റെക്കോര്‍ഡ് വളരെയേറെ വിലപ്പെട്ടതാണെന്ന് നെയ്മാര്‍ പറഞ്ഞു.