മാഞ്ചസ്റ്റര്‍ - 100 കോടിയോളം ഡോളര്‍ കളിക്കാര്‍ക്കായി ചെലവിട്ട ശേഷം സൗദി അറേബ്യയിലെ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ ജാലകം അടച്ചു. മുഹമ്മദ് സലാഹിനെ ലിവര്‍പൂളില്‍ നിന്ന് റാഞ്ചാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും ലോക ഫുട്‌ബോളിലെ വന്‍ശക്തിയാണെന്ന് തെളിയിച്ചാണ് ട്രാന്‍സ്ഫര്‍ സീസണ്‍ അവസാനിച്ചത്. സലാഹിനായുള്ള അല്‍ഇത്തിഹാദിന്റെ 15 കോടി പൗണ്ട് ഓഫര്‍ ലിവര്‍പൂള്‍ നിരസിച്ചതായാണ് വാര്‍ത്ത. വ്യാഴാഴ്ച സമയപരിധി തീരും മുമ്പ് കൂടുതല്‍ വലിയ ഓഫര്‍ വരുമെന്ന് കരുതിയെങ്കിലും തല്‍ക്കാലം സലാഹിനായി കരാറായില്ല. പക്ഷെ കളിക്കാര്‍ക്കായി ചെലവിട്ട തുക പരിഗണിക്കുമ്പോള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മാത്രമാണ് മുന്നില്‍.
ഈ ട്രാന്‍സ്ഫര്‍ സീസണില്‍ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളില്‍ നിന്ന് 37 കളിക്കാരുള്‍പ്പെടെ 94 കളിക്കാര്‍ സൗദി ക്ലബ്ബുകളിലെത്തി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് മാത്രം സൗദിയില്‍ നിന്ന് 31.2 കോടി ഡോളര്‍ ട്രാന്‍സ്ഫര്‍ തുക ലഭിച്ചു. ഫ്രഞ്ച് ലീഗിന് 14.8 കോടി ഡോളറും ഇറ്റാലിയന്‍ ലീഗിന് 12.2 കോടിയും സ്പാനിഷ് ലീഗിന് 11.6 കോടി ഡോളറും ജര്‍മന്‍ ലീഗിന് 3.2 കോടി ഡോളറും കിട്ടി. 2016 നു ശേഷം ആദ്യമായാണ് യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകള്‍ക്ക് പുറത്തുനിന്ന് ഇത്രയധികം തുക ചെലവഴിക്കുന്നത്.
അവസാന ദിവസം രണ്ടു താരങ്ങളാണ് സൗദിയിലെത്തിയത്. ജമൈക്കന്‍ ഇന്റര്‍നാഷനല്‍ ദമരയ് േ്രഗ എവര്‍ടനില്‍ നിന്ന അല്‍ഇത്തിഫാഖില്‍ ചേര്‍ന്നു. ബ്രസീലില്‍ ജനിച്ച ഇറ്റാലിയന്‍ താരം ലൂയിസ് ഫെലിപ്പെ റയല്‍ ബെറ്റിസില്‍ നിന്ന് ഇത്തിഹാദിലെത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജെയ്ദന്‍ സാഞ്ചോയും വരുമെന്ന് കരുതിയെങ്കിലും ചര്‍ച്ച പൂര്‍ണമായില്ല.
സൗദിക്കെതിരായ ആരോപണങ്ങള്‍ അല്‍ശബാബില്‍ ചേര്‍ന്ന അത്‌ലറ്റിക്കൊ മഡ്രീഡിന്റെ ബെല്‍ജിയം താരം യാനിസ് കരാസ്‌കൊ നിഷേധിച്ചു. സൗദിയിലെ ജീവിതവും സ്ത്രീകളുടെ അവസ്ഥയും കാണാതെയാണ് ആളുകള്‍ അഭിപ്രായം പുറപ്പെടുവിക്കുന്നതും താന്‍ കണ്ടത് മനോഹരമായ ഒരു രാജ്യമാണെന്നും യൂറോ കപ്പ് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ കരാസ്‌കൊ പറഞ്ഞു.