ബ്ലൂഫൊണ്ടയ്ന്‍ - പകരക്കാരനായിറങ്ങി ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഇടമുറപ്പിച്ച മാര്‍നസ് ലാബുഷൈന്‍ പകരക്കാരനായിറങ്ങി ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചു. 49 ഓവറില്‍ 222 ന് ഓളൗട്ടായ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്‌ട്രേലിയ രണ്ടിന് 38 ല്‍ പരുങ്ങുമ്പോഴാണ് മാര്‍ക്കൊ യാന്‍സന്റെ ബൗണ്‍സര്‍ ചെവിക്ക് താഴെ കൊണ്ട് പരിക്കേറ്റ് കാമറൂണ്‍ ഗ്രീന്‍ (0) മടങ്ങിയത്. പകരക്കാരനായി ലാബുഷൈന്‍ ടീമിലെത്തി. കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടിന് അഞ്ചാമനായോ താഴെയോ മാത്രമേ ബാറ്റിംഗിന് ഇറങ്ങാന്‍ അനുവാദമുള്ളൂ. വൈകാതെ ഓസ്‌ട്രേലിയ ഏഴിന് 113 ലേക്ക് തകരുകയും പരാജയമുറപ്പിക്കുകയും ചെയ്തു.
എന്നാല്‍ ആഷ്റ്റന്‍ ആഗറെ (48 നോട്ടൗട്ട്) കൂട്ടുപിടിച്ച് ലാബുഷൈന്‍ (93 പന്തില്‍ 80 നോട്ടൗട്ട്) പൊരുതുകയും പത്തോവറോളം ശേഷിക്കെ ഓസീസിന് മൂന്നു വിക്കറ്റ് വിജയം സമ്മാനിക്കുകയും ചെയ്തു. ഇരുവരും അഭേദ്യമായ എട്ടാം വിക്കറ്റില്‍ ചേര്‍ത്തത് 112 റണ്‍സായിരുന്നു. 14 ഓവറോളം ഒരു ബൗണ്ടറി പോലും നേടാതെ അവര്‍ സൂക്ഷിച്ചു കളിച്ചു.
നേരത്തെ ക്യാപ്റ്റനും ഓപണറുമായ തെംബ ബവൂമയാണ് (114 നോട്ടൗട്ട്) ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. ബാക്കിയെല്ലാവരും ചേര്‍ന്ന് അടിച്ചത് 108 റണ്‍സായിരുന്നു. അടുത്ത ഉയര്‍ന്ന സ്‌കോര്‍ യാന്‍സന്റെ 32 ആയിരുന്നു. ബവൂമയെ 6 ലുള്ളപ്പോഴും 88 ലുള്ളപ്പോഴും ഫീല്‍ഡര്‍മാര്‍ കൈവിട്ടു. 24 ലുള്ളപ്പോള്‍ അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും വിജയകരമായി റിവ്യൂ ചെയ്തു. പത്താം വിക്കറ്റില്‍ ലുന്‍ഗി എന്‍ഗിഡിക്കൊപ്പം ബവൂമ 37 റണ്‍സ് ചേര്‍ത്തു.