ന്യൂയോര്‍ക്ക് - പത്താം സീഡ് ചെക് റിപ്പബ്ലിക്കിന്റെ കരൊലൈന മുചോവയെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തി അമേരിക്കയുടെ പത്തൊമ്പതുകാരി കോക്കൊ ഗഫ് യു.എസ് ഓപണ്‍ ടെന്നിസിന്റെ വനിതാ ഫൈനലിലെത്തി. അമേരിക്കയുടെ മാഡിസന്‍ കീസും രണ്ടാം സീഡ് ബെലാറൂസുകാരി അരീന സബലെങ്കയും തമ്മിലുള്ള സെമി ഫൈനലിലെ വിജയിയുമായി ആറാം സീഡ് ഫൈനല്‍ കളിക്കും. പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് 50 മിനിറ്റോളം നിര്‍ത്തിയതുള്‍പ്പെടെ മൂന്നു മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ 6-4, 7-5 നാണ് ഗഫ് ജയിച്ചത്. ആറ് മാച്ച് പോയന്റുകള്‍ വേണ്ടി വന്നു ഗഫിന് വിജയം പൂര്‍ത്തിയാക്കാന്‍.
ബെലാറൂസുകാരി സബലെങ്ക ഉജ്വല ഫോം തുടരുകയാണ്. ചൈനയുടെ ഷെംഗ് ക്വിന്‍വെന്നിനെ 6-1, 6-4 ന് തോല്‍പിച്ച് രണ്ടാം സീഡ് സെമിയില്‍ സ്ഥാനമുറപ്പിച്ചു. മേല്‍ക്കൂര പാതി അടച്ചതിനാല്‍ നിഴല്‍ കളിയെ ബാധിച്ചുവെന്ന് ഷെംഗ് പറഞ്ഞു.