ന്യൂയോര്‍ക്ക് - ഗ്രാന്റ്സ്ലാം ടെന്നിസില്‍ ചരിത്രം സൃഷ്ടിച്ച് രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയന്‍ കൂട്ടാളി മാത്യു എബ്ദനും യു.എസ് ഓപണ്‍ പുരുഷ ഡബ്ള്‍സ് ഫൈനലിലെത്തി. നാല്‍പത്തിമൂന്നര വയസ്സുള്ള ബൊപ്പണ്ണ ഗ്രാന്റ്സ്ലാമുകളുടെ ഡബ്ള്‍സ് ഫൈനലിലെത്തുന്ന പ്രായമേറിയ കളിക്കാരനായി. ഫ്രഞ്ച് ജോഡി നിക്കൊളാസ് മാഹുട്-പിയറി ഹ്യൂസ് ഹെര്‍ബര്‍ട് ജോഡിയെ അവര്‍ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തി. സ്‌കോര്‍; 7-6 (7-3), 6-2.
2016 ലെ ഓസ്‌ട്രേലിയന്‍ ഓപണില്‍ 43 വയസ്സും നാലു മാസവുമുള്ളപ്പോള്‍ ഫൈനലിലെത്തിയ കാനഡയുടെ ഡാനിയേല്‍ നെസ്റ്ററിന്റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. ചെക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്കിന്റെ കൂടെയാണ് നെസ്റ്റര്‍ ഫൈനലിലെത്തിയത്.
13 വര്‍ഷത്തിനു ശേഷമാണ് ബൊപ്പണ്ണ പുരുഷ ഡബ്ള്‍സില്‍ ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്നത്. ആദ്യ ഫൈനല്‍ പാക്കിസ്ഥാന്റെ അയ്‌സാമുല്‍ ഹഖ് ഖുറൈശിയുമൊത്ത് 2010 ലെ യു.എസ് ഓപണ്‍ ഫൈനലിലായിരുന്നു. മൈക് ബ്രയാന്‍-ബോബ് ബ്രയാന്‍ ഇരട്ടകളോട് അവര്‍ തോറ്റു. 2017 ലെ ഫ്രഞ്ച് ഓപണില്‍ കാനഡയുടെ ഗബ്രിയേല ദബ്രോവ്‌സ്‌കിക്കൊപ്പം മിക്‌സഡ് ഡബ്ള്‍സില്‍ കിരീടം നേടിയിട്ടുണ്ട്.
ആറാം സീഡായ ബൊപ്പണ്ണയും എബ്ദനും ആദ്യ സെര്‍വിസ് പാഴാക്കുകയും 2-4 ന് പിന്നിലാവുകയും ചെയ്ത ശേഷമാണ് ടൈബ്രേക്കറില്‍ തിരിച്ചുവന്നത്. കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായ രാജീവ് റാം (യു.എസ്)-ജോ സാലിസ്ബറി (ബ്രിട്ടന്‍) ജോഡിയെ അവര്‍ ഫൈനലില്‍ നേരിടും. ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്മാരായ ഇവാന്‍ ദോദിഗ് (ക്രൊയേഷ്യ)-ഓസ്റ്റിന്‍ ക്രായിചെക് (അമേരിക്ക) കൂട്ടുകെട്ടിനെ രാജീവും ജോയും 7-5, 3-6, 6-3 ന് തോല്‍പിച്ചു.