Sorry, you need to enable JavaScript to visit this website.

യൂവെ ജഴ്‌സിയിൽ ക്രിസ്റ്റ്യാനൊ ഓഗസ്റ്റ് 18 ന് ഇറങ്ങും

യുവന്റസ് ജഴ്‌സിയുമായി ക്രിസ്റ്റ്യാനൊ. 

റോം - റയൽ മഡ്രീഡിൽ നിന്ന് ട്രാൻസ്ഫറായി എത്തിയ ക്രിസ്റ്റ്യാനൊ റൊണാൾഡൊ യുവന്റസിൽ ഓഗസ്റ്റ് 18 ന് അരങ്ങേറും. കിയേവോക്കെതിരെയായിരിക്കും എതിരാളികളുടെ ഗ്രൗണ്ടിൽ ക്രിസ്റ്റ്യാനൊ ഇറ്റാലിയൻ ലീഗ് ഫുട്‌ബോളിൽ ആദ്യമായി പന്ത് തട്ടുക. യുവന്റസിന്റെ ഗ്രൗണ്ടിൽ ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം ഓഗസ്റ്റ് 26 നായിരിക്കും, ലാസിയോക്കെതിരെ. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോളടിച്ച ടീമാണ് ലാസിയൊ. 
യുവന്റസ് റെക്കോർഡായ എട്ടാമത്തെ തുടർച്ചയായ ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. യൂറോപ്യൻ ചാമ്പ്യന്മാരായ റയലിൽ നിന്ന് 10 കോടി യൂറോക്കാണ് ക്രിസ്റ്റ്യാനോയെ യുവന്റസ് റാഞ്ചിയത്. 
ക്രിസ്റ്റ്യാനൊ ഇല്ലെങ്കിൽ പോലും ആഭ്യന്തര ലീഗ് കിരീടം നിലനിർത്താൻ യുവന്റസിന് വലിയ അധ്വാനം വേണ്ടിവരില്ല. മറ്റു ടീമുകളൊക്കെ മാറ്റത്തിന്റെ പാതയിലാണ്. 
ഒഴുക്കോടെയുള്ള ആക്രമണം കാഴ്ചവെച്ച നാപ്പോളി കഴിഞ്ഞ സീസണിൽ യുവന്റസിന് നാല് പോയന്റ് പിന്നിലായിരുന്നു. എന്നാൽ മൗറിസിയൊ സാരിക്കു പകരം കാർലൊ ആഞ്ചലോട്ടി കോച്ചായി വരുന്നതോടെ ആ ശൈലി മാറാനാണ് സാധ്യത. ലാസിയോക്കെതിരെയാണ് നാപ്പോളിയുടെ ആദ്യ മത്സരം. നാപ്പോളി പിന്നീട് എ.സി മിലാനെ നേരിടും. അമേരിക്കൻ കമ്പനി എലിയറ്റ് ഏറ്റെടുത്ത ശേഷം പുനരുദ്ധാരണത്തിന്റെ പാതയിലാണ് എ.സി മിലാൻ.    
ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയ റോമ ബ്രസീലിയൻ ഗോൾകീപ്പർ ആലിസനെ ലിവർപൂളിനും ആരാധകരുടെ ഇഷ്ടതാരമായ റാദ്ജ നയൻഗൊലാനെ ഇന്റർ മിലാനും വിറ്റു. എങ്കിലും പുതിയ 11 കളിക്കാരെ അവർ ടീമിലേക്ക് കൊണ്ടുവന്നു. 

Latest News