മാമുക്കോയയുടെ അവസാന ചിത്രം തിയറ്ററുകളിലേക്ക്

അന്തരിച്ച പ്രശസ്ത നടന്‍ മാമുക്കോയ അവസാനമായി അഭിനയിച്ച  മുകള്‍പ്പരപ്പ് എന്ന ചിത്രം തിയറ്ററുകളിലെത്തുന്നു. മലബാറിലെ തെയ്യങ്ങളുടെയും പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും.

സിബി പടിയറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മുകള്‍പ്പരപ്പിലെ പുതിയ ഗാനം പുറത്തുവന്നു. ചിത്രത്തിലെ 'സ്‌നേഹിതേ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുള്ളത്. സംവിധായകന്‍ സിബി പടിയറയുടെ വരികള്‍ക്ക് പ്രമോദ് സാരംഗ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ജയരാജും ഗായത്രി രാജീവും ചേര്‍ന്നാണ്.
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അപര്‍ണ ജനാര്‍ദ്ദനന്‍ ആണ് നായികയാകുന്നത്. ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായ ജയപ്രകാശന്‍ കെ കെയാണ് നിര്‍മ്മാതാവ്. പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും മുകള്‍പ്പരപ്പില്‍ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രം നിരന്തരം പാറ ഖനനത്തിന്റെ പ്രകമ്പനങ്ങള്‍ മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘര്‍ഷങ്ങളിലൂടെയാണ് വികസിക്കുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ശിവദാസ് മട്ടന്നൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, ഊര്‍മിള ഉണ്ണി, ചന്ദ്രദാസന്‍ ലോകധര്‍മ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവര്‍ക്കൊപ്പം നൂറോളം പുതുമുഖങ്ങളും ഒപ്പം ഒട്ടേറെ തെയ്യം കലാകാരന്‍മാരും അഭിനയിക്കുന്നുണ്ട്.

 

 

 

Latest News