ന്യൂദല്‍ഹി - ഈ മാസം 23 ന് ആരംഭിക്കുന്ന ഹാംഗ്ഷു ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ തുഴച്ചില്‍ സംഘം ചൈനയിലെത്തി. തുഴച്ചില്‍ ടീമാണ് ആദ്യം പുറപ്പെട്ടത്. 20 പുരുഷന്മാരും 13 വനിതകളും കോച്ചിംഗ് സ്റ്റാഫുമുള്‍പ്പെടെ 43 പേരാണ് സംഘത്തിലുള്ളത്. ആദ്യമായാണ് ഇന്ത്യ ഇത്രയധികം വനിതാ തുഴച്ചില്‍ താരങ്ങളെ ഏഷ്യാഡില്‍ പങ്കെടുപ്പിക്കുന്നത്.
ഈ മാസം 16 നേ ഇന്ത്യന്‍ സംഘം ഏഷ്യാഡ് ഗ്രാമത്തില്‍ പ്രവേശിക്കൂ. അതുവരെ കളിക്കാര്‍ ഹാംഗ്ഷുവിലെ ഇന്റര്‍നാഷനല്‍ ട്രയ്‌നിംഗ് ക്യാമ്പില്‍ സര്‍ക്കാര്‍ ചെലവില്‍ പരിശീലനം നടത്തും. മുംബൈയില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘത്തിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
തുഴച്ചിലില്‍ ഇന്ത്യയുടെ മികച്ച പ്രകടനം 2010 ലെ ഗ്വാംഗ്ഷു ഏഷ്യന്‍ ഗെയിംസിലാണ് -ഒരു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും. 2018 ലെ ജക്കാര്‍ത്ത ഏഷ്യാഡില്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും നേടി.
സയ്‌ലര്‍മാരും ബോക്‌സര്‍മാരും ചൈനയില്‍ പരിശീലനം തുടരുന്നുണ്ട്. ബോ്കസര്‍മാര്‍ വുയിഷാന്‍ സിറ്റിയിലും സയ്‌ലര്‍മാര്‍ ഏഷ്യാഡിലെ സയ്‌ലിംഗ് മത്സരം നടക്കുന്ന നിംഗ്ബാവൊ സിയാംഗ്ഷാന്‍ സയ്‌ലിംഗ് സെന്ററിലും.