ലിസ്ബണ്‍ - സൗദി പ്രൊ ഫുട്‌ബോള്‍ ലീഗില്‍ മികച്ച കളിക്കാര്‍ കളിക്കുന്നതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. സൗദി പ്രൊ ലീഗ് പോര്‍ചുഗല്‍ ലീഗായ പ്രിമേറ ലീഗിനെക്കാള്‍ മികച്ചതാണെന്ന് റൊണാള്‍ഡൊ ആവര്‍ത്തിച്ചു. അന്നസ്‌റിലേക്കുള്ള റൊണാള്‍ഡോയുടെ വരവ് സൗദി പ്രൊ ലീഗില്‍ പുതുവിപ്ലവത്തിന് തുടക്കമിട്ടിരുന്നു. വന്‍ തുകയുടെ കരാര്‍ സ്വീകരിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് അന്ന് റൊണാള്‍ഡൊ നേരിട്ടത്. എന്നാല്‍ റൊണാള്‍ഡോയുടെ സാന്നിധ്യം സൗദി ലീഗിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കുകയും നെയ്മാര്‍, കരീം ബെന്‍സീമ ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍ പിന്നാലെയെത്തുകയും ചെയ്തു.
സൗദി ലീഗിനെതിരായ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലോകത്തെ ഏത് ലീഗാണ് വിമര്‍ശിക്കപ്പെടാത്തതെന്ന് റൊണാള്‍ഡൊ ചോദിച്ചു. ഏത് ലീഗിലാണ് പ്രശ്‌നങ്ങളും വിവാദങ്ങളുമില്ലാത്തത്. സ്‌പെയിനിലും പോര്‍ചുഗലിലുമെല്ലാമില്ലേ? ഞാന്‍ സൗദി ലീഗ് തെരഞ്ഞെടുത്തപ്പോള്‍ ഭ്രാന്താണെന്ന് പറഞ്ഞവരുണ്ട്. ഇന്ന് സൗദി ലീഗിനെ കളിക്കാര്‍ തെരഞ്ഞെടുക്കുന്നത് സാധാരണമായിരിക്കുന്നു. അന്നസ്ര്‍ കളിക്കാരനെന്ന നിലയില്‍ ഞാന്‍ ഇത് മുന്നില്‍ കണ്ടിരുന്നു. ഒരു രാജ്യത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരം മാറ്റിയെഴുതാന്‍ ലഭിച്ച അവസരം അംഗീകാരമായാണ് ഞാന്‍ കാണുന്നത്. വലിയ താരങ്ങളാണ് ഇവിടേക്ക് വരുന്നത്. അതില്‍ അഭിമാനമുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും ഉയരങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യാനാണ് എനിക്ക് താല്‍പര്യം.
അറബ് ലീഗ് പോര്‍ചുഗീസ് ലീഗിനെക്കാള്‍ മികച്ചതാണെന്നാണ് എന്റെ അഭിപ്രായം. അവിടത്തേതു പോലെ വിവാദങ്ങളോ കോലാഹലമോ ഇവിടെയില്ല. മികച്ച കളിക്കാരാണ് പങ്കെടുക്കുന്നത്. മെച്ചപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു -റൊണാള്‍ഡൊ പറഞ്ഞു.
ലിയണല്‍ മെസ്സി കളിക്കുന്ന മേജര്‍ ലീഗ് സോക്കറിനെക്കാള്‍ നിലവാരം സൗദി ലീഗിനാണെന്ന് നേരത്തെ റൊണാള്‍ഡൊ അഭിപ്രായപ്പെട്ടിരുന്നു.