വിംബിള്‍ഡണ്‍ പൂട്ടഴിച്ച് കീസ് യു.എസ് ഓപണ്‍ സെമിയില്‍

ന്യൂയോര്‍ക്ക് - വിംബിള്‍ഡണ്‍ ചാമ്പ്യന്‍ മാര്‍ക്കറ്റ വന്‍ഡ്രൂസോവയെ 6-1, 6-4 ന് തകര്‍ത്ത് അമേരിക്കയുടെ മാഡിസന്‍ കീസ് യു.എസ് ഓപണ്‍ ടെന്നിസിന്റെ വനിതാ സെമി ഫൈനലിലെത്തി. 2017 ലെ ഫൈനലിസ്റ്റായ കീസ് ഒന്നര മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ പഴയ പ്രതാപത്തിനൊത്ത അച്ചടക്കമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം സീഡ് അരീന സബലെങ്കയുമായാണ് പതിനേഴാം സീഡുകാരി സെമിഫൈനലില്‍ ഏറ്റുമുട്ടുക. ജൂലൈയില്‍ സീഡില്ലാത്ത താരമായി വിംബിള്‍ഡണ്‍ കളിച്ച് കിരീടം നേടിയ വന്‍ഡ്രൂസോവ ചരിത്രം സൃഷ്ടിച്ചിരുന്നു. ചെക് റിപ്പബ്ലിക്കുകാരി യു.എസ് ഓപണില്‍ ഒമ്പതാം സീഡായിരുന്നു. 
35 ഡിഗ്രി കടന്ന കൊടും ചൂടില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ 2021 ലെ ചാമ്പ്യന്‍ ഡാനില്‍ മെദ്‌വദേവും വനിതാ രണ്ടാം നമ്പര്‍ അരീന സബലെങ്കയും സെമി ഫൈനലിലെത്തി. റഷ്യക്കാര്‍ തമ്മിലുള്ള ക്വാര്‍ട്ടറില്‍ ആന്ദ്രെ റൂബലേവിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ മെദ്‌വദേവ് തോല്‍പിച്ചത്. ഒരാള്‍ കോര്‍ടില്‍ മരിച്ചാലേ സംഘാടകര്‍ക്ക് കാര്യം മനസ്സിലാവൂ എന്ന് രണ്ടേ മുക്കാല്‍ മണിക്കൂറിലേറെ നീണ്ട പോരാട്ടത്തില്‍ 6-4, 6-3, 6-4 ന് ജയിച്ച ശേഷം മെദ്‌വദേവ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഈയാഴ്ച ഉഷ്ണക്കാറ്റ് വീശുകയാണ്. 
ബെലാറൂസുകാരി സബലെങ്ക ഉജ്വല ഫോം തുടരുകയാണ്. ചൈനയുടെ ഷെംഗ് ക്വിന്‍വെന്നിനെ 6-1, 6-4 ന് തോല്‍പിച്ച് രണ്ടാം സീഡ് സെമിയില്‍ സ്ഥാനമുറപ്പിച്ചു. മേല്‍ക്കൂര പാതി അടച്ചതിനാല്‍ നിഴല്‍ കളിയെ ബാധിച്ചുവെന്ന് ഷെംഗ് പറഞ്ഞു.
 

Latest News