ന്യൂയോര്‍ക്ക് - 35 ഡിഗ്രി കടന്ന കൊടും ചൂടില്‍ നടന്ന യു.എസ് ഓപണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ 2021 ലെ ചാമ്പ്യന്‍ ഡാനില്‍ മെദ്‌വദേവും വനിതാ രണ്ടാം നമ്പര്‍ അരീന സബലെങ്കയും സെമി ഫൈനലിലെത്തി. റഷ്യക്കാര്‍ തമ്മിലുള്ള ക്വാര്‍ട്ടറില്‍ ആന്ദ്രെ റൂബലേവിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ മെദ്‌വദേവ് തോല്‍പിച്ചത്. ഒരാള്‍ കോര്‍ടില്‍ മരിച്ചാലേ സംഘാടകര്‍ക്ക് കാര്യം മനസ്സിലാവൂ എന്ന് രണ്ടേ മുക്കാല്‍ മണിക്കൂറിലേറെ നീണ്ട പോരാട്ടത്തില്‍ 6-4, 6-3, 6-4 ന് ജയിച്ച ശേഷം മെദ്‌വദേവ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഈയാഴ്ച ഉഷ്ണക്കാറ്റ് വീശുകയാണ്.
ബെലാറൂസുകാരി സബലെങ്ക ഉജ്വല ഫോം തുടരുകയാണ്. ചൈനയുടെ ഷെംഗ് ക്വിന്‍വെന്നിനെ 6-1, 6-4 ന് തോല്‍പിച്ച് രണ്ടാം സീഡ് സെമിയില്‍ സ്ഥാനമുറപ്പിച്ചു. മേല്‍ക്കൂര പാതി അടച്ചതിനാല്‍ നിഴല്‍ കളിയെ ബാധിച്ചുവെന്ന് ഷെംഗ് പറഞ്ഞു.