അബുദാബി - യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവായ ഡോ. അൻവർ ഗർഗാശും യെമനിലേക്കുള്ള യു.എൻ ദൂതൻ ഹാൻസ് ഗ്രുൻഡ്ബെർഗും യെമൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും വെടിനിർത്തൽ ശ്രമങ്ങളും പ്രതിസന്ധിക്ക് സുസ്ഥിര രാഷ്ട്രീയ പരിഹാരം കാണുന്നതിനെ കുറിച്ചും വിശകലനം ചെയ്തു. യെമനിൽ ശാശ്വത വെടിനിർത്തൽ നടപ്പാക്കാനും സുസ്ഥിര രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ ആരംഭിക്കാനും അന്താരാഷ്ട്ര സമൂഹവും യു.എൻ ദൂതനും നടത്തുന്ന ശ്രമങ്ങളെ യു.എ.ഇ പിന്തുണക്കുന്നതായി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. ഇക്കാര്യത്തിൽ സൗദി അറേബ്യ നടത്തുന്ന വലിയ ശ്രമങ്ങളെ യു.എ.ഇ പിന്തുണക്കുന്നു. യെമൻ ജനതക്കൊപ്പം യു.എ.ഇ നിലയുറപ്പിക്കും. മാനുഷികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളോടെ പ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും യു.എ.ഇ പിന്തുണക്കുന്നു.
ചെങ്കടലിൽ യെമൻ തീരത്ത് ദീർഘകാലമായി ജീർണാവസ്ഥയിൽ നങ്കൂരമിട്ടിരുന്ന സാഫിർ എണ്ണ ടാങ്കറിലെ എണ്ണ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള പദ്ധതി വിജയിച്ചതിനെ ഡോ. അൻവർ ഗർഗാശ് സ്വാഗതം ചെയ്തു.
ഇക്കാര്യത്തിൽ യു.എന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും നടത്തിയ ശ്രമങ്ങളും സഖ്യസേന നൽകിയ പിന്തുണയും പദ്ധതി വിജയിപ്പിക്കാൻ ലോക രാജ്യങ്ങൾ നൽകിയ സംഭാവനകളും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യെമൻ പ്രശ്നത്തിൽ അന്താരാഷ്ട്ര, പ്രാദേശിക കക്ഷികളുമായി നടത്തുന്ന ചർച്ചകളിലെ പുരോഗതികളും ഇക്കാര്യത്തിൽ താൻ നടത്തുന്ന ശ്രമങ്ങളും കൂടിക്കാഴ്ചക്കിടെ യു.എൻ ദൂതൻ വിശദീകരിച്ചു.






