ഇന്ത്യ-പാക് മത്സരം കൊളംബോയില്‍, പി.സി.ബി അറിയാതെ തീരുമാനം

കൊളംബൊ - ഏഷ്യാ കപ്പ് ക്രിക്കറ്റിലെ അവശേഷിച്ച മത്സരങ്ങള്‍ നിശ്ചയിച്ചതു പോലെ കൊളംബോയില്‍ നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. കൊളംബോയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മഴ കുറഞ്ഞ ഹമ്പന്‍തൊട്ടയിലേക്ക് കളികള്‍ മാറ്റാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ മറ്റ് അസൗകര്യങ്ങള്‍ പരിഗണിച്ച് കൊളംബോയില്‍ തന്നെ കളി നടത്താനാണ് തീരുമാനം. എന്നാല്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ തങ്ങളെ അറിയിക്കാതെ എ.സി.സി അധ്യക്ഷന്‍ ജയ് ഷാ തീരുമാനം പ്രഖ്യാപിച്ചതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അസംതൃപ്തരാണ്. 
സൂപ്പര്‍ ഫോറിലെ പാക്കിസ്ഥാന്‍-ഇന്ത്യ മത്സരം ഞായറാഴ്ച കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും. 12 ന് ശ്രീലങ്കയെയും 15 ന് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും.

കൊളംബോയെയും പള്ളിക്കെലെയെയും അപേക്ഷിച്ച് തെക്കന്‍ തീരപ്രദേശമായ ഹമ്പന്‍തൊട്ടയില്‍ സെപ്റ്റംബറില്‍ മഴ കുറവായിരിക്കും. അതേസമയം കൊളംബോയിലെ ഖെറ്റരാമ സ്‌റ്റേഡിയത്തിനു സമീപം കനത്ത മഴയില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. 
എന്നാല്‍ ഹമ്പന്‍തൊട്ടയില്‍ സൗകര്യമൊരുക്കാന്‍ ശ്രീലങ്ക പ്രയാസപ്പെടും. സൂര്യവേവ എന്ന കൊച്ചു നഗരത്തിനടുത്ത വനമ്പ്രദേശത്താണ് ഹമ്പന്‍തൊട്ട സ്റ്റേഡിയം. മുക്കാല്‍ മണിക്കൂറെങ്കിലും സഞ്ചരിച്ചാലേ മികച്ച ഹോട്ടലുകളിലെത്താനാവൂ. നാല് ടീമുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി ഈ ഹോട്ടലുകളില്‍ പൊടുന്നനെ മുറികള്‍ ലഭ്യമാവുമെന്ന് ഉറപ്പില്ല. മാച്ച് ഒഫിഷ്യലുകളും കമന്റേറ്റര്‍മാരും ബ്രോഡ്കാസ്റ്റിംഗ് ജീവനക്കാരുമായി വലിയ സംഘം വേറെയുമുണ്ട്. 
വരണ്ട പ്രദേശമായ ദംബുല്ലയിലും സ്റ്റേഡിയമുണ്ടെങ്കിലും ഫഌ്‌ലൈറ്റുകള്‍ സജ്ജമല്ല.
 

Latest News