മഡ്രീഡ് - ലോകകപ്പ് വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്മാരായ സ്‌പെയിനിന്റെ കളിക്കാരികളെ ആദരിക്കുന്ന ചടങ്ങില്‍ സ്‌പെയിന്‍ സര്‍ക്കാരിന് ആളു മാറി. ഇവാന ആന്ദ്രേസ് എന്ന കളിക്കാരിയെ ആദരിക്കുന്നതിന് പകരം സെലിബ്രിറ്റിയും അര്‍ജന്റീന ഫുട്‌ബോളര്‍ മൗറൊ ഇകാര്‍ഡിയുടെ സഹോദരിയുമായ ഇവാന ഇകാര്‍ഡിക്കാണ് റോയല്‍ ഓര്‍ഡര്‍ ഓഫ് സ്‌പോര്‍ട്‌സ് മെറിറ്റ് സമ്മാനിച്ചത്. സംഭവത്തില്‍ സ്‌പെയിനിന്റെ നാഷനല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാപ്പ് ചോദിച്ചു. ഇവാന ഇകാര്‍ഡി സ്‌പെയിനിലെ മയോര്‍ക്കയിലാണ് താമസിക്കുന്നത്. സ്പാനിഷ് റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യമാണ്.
സമ്മാനദാനച്ചടങ്ങില്‍ തന്റെ പേര് കണ്ട് ഇവാന ഇകാര്‍ഡി ഞെട്ടുകയും സോഷ്യല്‍ മീഡിയയില്‍ അമ്പരപ്പ് പങ്കുവെക്കുകയും ചെയ്തു. റയല്‍ മഡ്രീഡ് ഡിഫന്ററായ ഇവാന ആന്ദ്രേസും സംഭവത്തില്‍ സര്‍ക്കാരിനെ ട്രോളി.
സ്പാനിഷ് ഫുട്‌ബോളില്‍ ചുംബന വിവാദത്തില്‍ നാണം കെട്ടു നില്‍ക്കുന്ന സമയത്താണ് പുതിയ വിവാദം.