ന്യൂദല്‍ഹി - പാക്കിസ്ഥാന്‍ സന്ദര്‍ശനത്തില്‍ മാന്യമായ സ്വീകരണമാണ് ലഭിച്ചതെന്ന് ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷകലുഷമായ ബന്ധത്തില്‍ പാലമായി വര്‍ത്തിക്കാന്‍ ക്രിക്കറ്റിന് കഴിയുമെന്ന് ഒപ്പമുണ്ടായിരുന്ന വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും പറഞ്ഞു. ഏഷ്യാ കപ്പ് ആതിഥേയരെന്ന നിലയില്‍ പാക്കിസ്ഥാന്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാനാണ് ഇരുവരും ലാഹോര്‍ സന്ദര്‍ശിച്ചത്. പോയതു പോലെ വാഗാ അതിര്‍ത്തി വഴി അവര്‍ മടങ്ങി.
17 വര്‍ഷത്തിനു ശേഷമാണ് ബി.സി.സി.ഐ സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനം ഊഷ്മളമാക്കാന്‍ എല്ലാ ഒരുക്കങ്ങളും പാക്കിസ്ഥാന്‍ ചെയ്തതായി ബിന്നി പറഞ്ഞു. അവസാനം ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിച്ചത് 2008 ലെ ഏഷ്യാ കപ്പിലാണ്. പരമ്പര കളിച്ചത് 2006 ലും. പാക്കിസ്ഥാന്‍ ടീം ഇന്ത്യയില്‍ പരമ്പര കളിച്ചത് 2012 ലാണ്. ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അത് ബി.സി.സി.ഐയല്ല, കേന്ദ്ര സര്‍ക്കാരാണ് പറയേണ്ടതെന്ന് ബിന്നി പ്രതികരിച്ചു.