Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി കളിക്കാരുമായി യൂറോ തുടങ്ങുന്നു

പാരിസ് - അടുത്ത വര്‍ഷം ജര്‍മനി ആതിഥ്യമരുളുന്ന യൂറോ കപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ടിലെ അടുത്ത ഘട്ടം വ്യാഴാഴ്ച ആരംഭിക്കുന്നു. ആറ് ദിവസങ്ങളിലായി രണ്ട് റൗണ്ട് മത്സരങ്ങളാണ് അരങ്ങേറുക. 

ചാമ്പ്യന്മാര്‍ക്ക് പുതിയ കോച്ച്
നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുതിയ കോച്ചിന് കീഴിലാണ് ഈ റൗണ്ടുകള്‍ കളിക്കുക. റോബര്‍ടൊ മാഞ്ചീനി സൗദി അറേബ്യയുടെ പരിശീലകനായി സ്ഥാനമേറ്റു. നാപ്പോളിക്ക് ഇറ്റാലിയന്‍ ലീഗ് കിരീടം നേടിക്കൊടുത്ത ലൂഷ്യാനൊ സ്പലേറ്റിയാണ് പുതിയ കോച്ച്. രണ്ട് കളിയില്‍ മൂന്ന് പോയന്റുമായി ഇറ്റലി ഗ്രൂപ്പ് സി-യില്‍ മൂന്നാം സ്ഥാനത്താണ്. ശനിയാഴ്ച സ്‌കോപ്യയില്‍ നോര്‍ത്ത് മസിഡോണിയയുമായാണ് ഇറ്റലിയുടെ ആദ്യ കളി. നോര്‍ത്ത് മസിഡോണിയയോട് പ്ലേഓഫില്‍ തോറ്റതാണ് കഴിഞ്ഞ ലോകകപ്പില്‍ ഇറ്റലിക്ക് സ്ഥാനം നിഷേധിക്കപ്പെട്ടത്. മിലാനില്‍ ഉക്രൈനുമായും അവര്‍ കളിക്കും. 

വിവാദങ്ങളുമായി
സ്പാനിഷ് ഫുട്‌ബോളിന് ആഹ്ലാദ ദിനങ്ങളാവേണ്ടതായിരുന്നു ഈ കാലം. എന്നാല്‍ അവരുടെ വനിതാ ടീം ആദ്യമായി ലോകകപ്പ് നേടിയ ശേഷം വിവാദമാണ് പൊടിപൊടിക്കുന്നത്. ചുംബന വിവാദത്തില്‍ സ്പാനിഷ് ഫെഡറേഷന്‍ മേധാവി ലൂയിസ് റുബിയാലിസിനും വനിതാ ടീം കോച്ച് ജോര്‍ജെ വില്‍ദക്കും സ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞു. ശ്രദ്ധ വീണ്ടും ഫുട്‌ബോളിലേക്ക് കൊണ്ടുവരാനാണ് ലൂയിസ് ഡി ലാ ഫ്യുയന്റയുടെ കീഴിലുള്ള പുരുഷ ടീം ശ്രമിക്കുക. റുബിയാലിസിന്റെ വിവാദ പ്രസംഗത്തെ കൈയടിച്ച് പിന്തുണച്ചയാളാണ് കഴിഞ്ഞ ലോകകപ്പിനു ശേഷം അപ്രതീക്ഷിതമായി സ്പാനിഷ് പരിശീലക പദവി ലഭിച്ച ഫ്യുയന്റ. മാര്‍ച്ചില്‍ സ്‌കോട്‌ലന്റിനോട് തോറ്റാണ് സ്‌പെയിന്‍ യൂറോ യോഗ്യതാ റൗണ്ട് തുടങ്ങിയത്. എന്നാല്‍ ജൂണില്‍ ക്രൊയേഷ്യയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് സ്‌പെയിന്‍ നാഷന്‍സ് ലീഗ് നേടിയിട്ടുണ്ട്. യൂറോ യോഗ്യതാ റൗണ്ടില്‍ ജോര്‍ജിയക്കെതിരായ എവേ മത്സരവും സൈപ്രസിനെതിരായ ഹോം മത്സരവുമാണ് അവരെ കാത്തിരിക്കുന്നത്. പതിനാറുകാരനായ ബാഴ്‌സലോണ താരം ലാമിന്‍ യമാല്‍ അരങ്ങേറ്റത്തിന്റെ വക്കിലാണ്.

സൗദി ലീഗ് താരങ്ങള്‍
സൗദി ലീഗിലേക്ക് ചേക്കേറിയത് പ്രമുഖ കളിക്കാരുടെ ദേശീയ ടീം കരിയറിനെ ബാധിച്ചിട്ടില്ല. മുപ്പത്തെട്ടുകാരന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ പോര്‍ചുഗലിനു വേണ്ടി ഇറങ്ങും. സൗദി ലീഗില്‍ കളിക്കുന്ന യുവ താരങ്ങളായ റൂബന്‍ നെവെസ്, ഒടാവിയൊ എന്നിവരും പോര്‍ചുഗല്‍ ടീമിലുണ്ട്. അല്‍ഇത്തിഫാഖിന്റെ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ടിനു കളിക്കും. അയ്മറിക് ലപോര്‍ടെ സ്പാനിഷ് നിരയിലുണ്ടാവും. എന്നാല്‍ ഇത്തിഹാദിന്റെ എന്‍ഗോളൊ കാണ്ടെ ഫ്രഞ്ച് ടീമില്‍ ഇല്ല. 
ആദ്യ മൂന്നു കളികളും ജയിച്ച നാല് ടീമുകളിലൊന്നാണ് പോര്‍ചുഗല്‍. സ്‌കോട്‌ലന്റ്, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവയാണ് മറ്റു ടീമുകള്‍. സ്ലൊവാക്യയെയും ലെക്‌സംബര്‍ഗിനെയും തോല്‍പിച്ചാല്‍ പോര്‍ചുഗല്‍ ഏതാണ്ട് യോഗ്യത ഉറപ്പാക്കും. 
മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാന്‍ ഇത്തവണ യൂറോ കപ്പ് കളിക്കാന്‍ സാധ്യതയേറെയാണ്. ഗ്രൂപ്പ് എച്ചില്‍ ആദ്യ മൂന്നു കളികളും അവര്‍ ജയിച്ചു. ഡെന്മാര്‍ക്കിനെ ഹോം മത്സരത്തിലും വടക്കന്‍ അയര്‍ലന്റിനെ എവേ മത്സരത്തിലും കീഴടക്കി. 104ാം റാങ്കുകാരായ അവര്‍ക്ക് യൂറോ കപ്പ് കളിക്കാന്‍ രണ്ട് ജയം കൂടി മതി. 

Latest News